ടാറ്റ ഗ്രൂപ്പിനെ നയിക്കാന്‍ നോയല്‍ ടാറ്റ; രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന് ചരിത്ര നിയോഗം, ടാറ്റ ഓഹരികള്‍ക്ക് മുന്നേറ്റം

മുംബൈയില്‍ നടന്ന യോഗത്തിലാണ് നോയലിനെ തിരഞ്ഞെടുത്തതെന്ന് സി.എന്‍.ബി.സി - ടിവി 18 റിപ്പോര്‍ട്ട്

Update:2024-10-11 15:00 IST

image credit : tata 

ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റിനെ നയിക്കാന്‍ രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് മുംബൈയില്‍ നടന്ന ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡ് യോഗത്തിലാണ് നോയലിനെ തിരഞ്ഞെടുത്തതെന്നും സി.എന്‍.ബി.സി - ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അവിവാഹിതനായ രത്തന്‍ ടാറ്റ പിന്‍ഗാമികളെ നിശ്ചയിക്കാതെയാണ് 86-ാമത്തെ വയസില്‍ അന്തരിച്ചത്.
എന്തൊക്കെ സംഭവിച്ചാലും ബിസിനസിന് ഒരുകോട്ടവും തട്ടാതെ മുന്നോട്ടു കൊണ്ടുപോകണമെന്ന രത്തന്‍ ടാറ്റയുടെ ഉപദേശം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് പിന്നാലെ പിന്‍ഗാമിയെയും തിരഞ്ഞെടുത്തത്. സ്ഥാനത്തേക്ക് ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ബന്ധുവായ മെഹില്‍ മിസ്ത്രിയെ പരിഗണിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടാറ്റ-മിസ്ത്രി തര്‍ക്കത്തില്‍ രത്തന്‍ ടാറ്റയ്‌ക്കൊപ്പം നിന്നയാളാണ് മെഹില്‍. എന്നാല്‍ നറുക്ക് നോയലിന് വീഴുകയായിരുന്നു. ടാറ്റ ട്രസ്റ്റ് ബോര്‍ഡിലേക്ക് മെഹില്‍ മിസ്ത്രിയെ സ്ഥിരം ട്രസ്റ്റിയായി നിയമിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

ആരാണ് നോയല്‍ ടാറ്റ?

രത്തന്‍ ടാറ്റയുടെ പിതാവ് നവല്‍ ടാറ്റയ്ക്കും സിമോണ്‍ ടാറ്റയ്ക്കും പിറന്ന മകനാണ് നോയല്‍ ടാറ്റ. പത്താം വയസില്‍ രത്തന്‍ ടാറ്റയുടെ മാതാവ് സൂനി കമ്മിസരിയാറ്റുമായി വിവാഹ മോചനം നേടിയ ശേഷമാണ് നവല്‍ ടാറ്റ സിമോണ്‍ ടാറ്റയെ വിവാഹം കഴിക്കുന്നത്. രത്തന്‍ ടാറ്റയുടെ ബാല്യകാല സുഹൃത്ത് കൂടിയായ നോയല്‍ അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാള്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്നതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാല് പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ നോയല്‍, ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. ടാറ്റ സണ്‍സിലെ 66 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്ന സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലും ട്രസ്റ്റികൂടിയാണ് ഇദ്ദേഹം. കൂടാതെ ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനത്തും ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് എന്നിവയുടെ വൈസ് ചെയര്‍മാന്‍ പദവിയിലും നോയലുണ്ട്. നേരത്തെ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നോയലിനെ പരിഗണിച്ചിരുന്നെങ്കിലും ഭാര്യാ സഹോദരനായ സൈറസ് മിസ്ത്രി ഈ സ്ഥാനത്തേക്ക് വരികയായിരുന്നു. പിന്നീട് മിസ്ത്രി സ്ഥാനത്ത് നിന്നും മാറിയതോടെ അന്നത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) തലവ
ന്‍
 എന്‍.ചന്ദ്രശേഖരനെ ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിക്കുകയായിരുന്നു.

രത്തന്‍ ടാറ്റയേക്കാള്‍ വ്യത്യസ്തന്‍

അതേസമയം, രത്തന്‍ ടാറ്റയെപ്പോലെ പൊതുവേദികളിലെത്തി ആളുകളെ കയ്യിലെടുക്കാന്‍ താത്പര്യമില്ലാത്തയാളാണ് നോയല്‍ ടാറ്റയെന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളോട് സംസാരിച്ചും പൊതുവേദികളില്‍ നിറഞ്ഞുനിന്നുമാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിനെ മുന്നോട്ട് നയിച്ചതെങ്കില്‍ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ബിസിനസുകളും റീട്ടെയില്‍ സ്റ്റോറുകളും വിപുലീകരിച്ചായിരുന്നു നോയലിന്റെ പ്രവര്‍ത്തനം. യു.കെയിലെ സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യഭ്യാസം നേടി 1999ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം തൊട്ടതെല്ലാം പൊന്നാക്കാന്‍ നോയലിന് കഴിഞ്ഞിട്ടുണ്ട്. ടാറ്റയുടെ റീട്ടെയില്‍ ശൃംഖലയായ ട്രെന്റ് (Trent) രാജ്യവ്യാപകമാക്കിയതിലും നോയലിന്റെ പങ്ക് ചെറുതല്ല. ജനപ്രിയ ബ്രാന്‍ഡുകളായ വെസ്റ്റ് സൈഡ്, സ്റ്റാര്‍ ബസാര്‍, സുഡിയോ, സാറ തുടങ്ങിയവ ട്രെന്റിന്റെ കീഴിലുള്ളതാണ്.

ടാറ്റ ഓഹരികള്‍ മുന്നേറി

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയലിനെ തിരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ മുന്നേറ്റം. ടാറ്റ മോട്ടോര്‍സ്. ടാറ്റ സ്റ്റീല്‍, ട്രെന്റ് ലിമിറ്റഡ്, വോള്‍ട്ടാസ്, ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
Tags:    

Similar News