വാട്ട്സ്ആപ്പ് വഴി ഓഹരികളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭമെന്ന് പറഞ്ഞ് തട്ടിപ്പ്, 75 കാരന് നഷ്ടമായത് 11.16 കോടി രൂപ
ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താൻ തയ്യാറാണോ എന്ന് ഗ്രൂപ്പിലുളള അംഗങ്ങളോട് തട്ടിപ്പുകാര്‍ ആരാഞ്ഞു
സൈബര്‍ മോഷ്ടാക്കള്‍ 75 കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് ഏകദേശം 11.16 കോടി രൂപ. ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് ഇവര്‍ കബളിപ്പിക്കല്‍ നടത്തിയത്. മുംബൈ കൊളാബയില്‍ താമസിക്കുന്ന വിരമിച്ച കപ്പൽ ക്യാപ്റ്റനാണ് തട്ടിപ്പിനിരയായത്.
ഒരു പ്രമുഖ സാമ്പത്തിക സേവന കമ്പനിയുടെ പേരുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ 2024 ഓഗസ്റ്റ് 19 ന് പരാതിക്കാരൻ്റെ മൊബൈൽ നമ്പർ ചേർത്തു. അനിയ സ്മിത്ത് എന്ന പേരിൽ ഒരു സ്ത്രീ ഗ്രൂപ്പില്‍ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത്, അവരുടെ പ്ലാറ്റ്‌ഫോമിലൂടെയും തന്ത്രത്തിലൂടെയും ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താൻ തയ്യാറാണോ എന്ന് ഗ്രൂപ്പിലുളള അംഗങ്ങളോട് ആരാഞ്ഞു. ഓഹരി വിപണിയിലെ സ്ഥിരം നിക്ഷേപകനായ പരാതിക്കാരൻ യുവതിക്ക് സമ്മതം നൽകി.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ
ഇതിന് പിന്നാലെ അനിയ സ്മിത്ത് ഇദ്ദേഹത്തെ മറ്റൊരു ഗ്രൂപ്പിൽ ചേർക്കുകയും ഒരു ലിങ്ക് ഷെയർ ചെയ്യുകയും ചെയ്തു. പരാതിക്കാരൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യാപാരത്തിനായി കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തു. വിവിധ കമ്പനികളുടെ അക്കൗണ്ട് ട്രേഡിംഗ്, ഒ.ടി.സി ട്രേഡിംഗ്, ഐ.പി.ഒ കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് യുവതിയില്‍ നിന്നും അവരുടെ കൂട്ടാളികളിൽ നിന്നും പരാതിക്കാരന് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. യുവതിയും കൂട്ടാളികളും ശുപാർശ ചെയ്യുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്‍ പണം അയച്ചു നല്‍കി.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിൽ സംശയം തോന്നിയ വൃദ്ധന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നികുതി ലാഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുവതി മറുപടി നല്‍കി. സെപ്റ്റംബർ 5 നും ഒക്ടോബർ 19 നും ഇടയിൽ 22 ഇടപാടുകളിലായി 11.16 കോടി രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ അയച്ചത്.
തട്ടിപ്പുകാര്‍ നല്‍കിയ ആപ്പിൽ തൻ്റെ അക്കൗണ്ടിലേക്ക് ഓഹരികളിലെ നിക്ഷേപങ്ങളില്‍ നേടിയ ലാഭം ക്രെഡിറ്റ് ചെയ്യുന്നത് വ്യക്തമായി ഡിസ്പ്ലേ ചെയ്ത് വന്നതിനാല്‍ വൃദ്ധന് ഇടപാടുകൾ നടത്തുമ്പോൾ കൂടുതൽ സംശയം തോന്നിയില്ല. ആപ്പിൽ തൻ്റെ അക്കൗണ്ടിൽ വൻ ലാഭം കണ്ടതിൽ പരാതിക്കാരന് വലിയ സന്തോഷമായി. എന്നാൽ ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അഭ്യർത്ഥന നിരസിക്കപ്പെട്ടു. തുക പിൻവലിക്കാൻ ഇദ്ദേഹം യുവതിയുടെ സഹായം തേടി.
തുടര്‍ന്ന് അക്കൗണ്ടിലുളള തുകയ്ക്ക് 20 ശതമാനം സേവന നികുതി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. പരാതിക്കാരൻ സേവന നികുതി നല്‍കിയിട്ടും പണം പിൻവലിക്കാൻ മറ്റ് ചാർജുകൾക്കായി കൂടുതൽ പണം നൽകാൻ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ വൃദ്ധനുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹെൽപ്പ് ലൈൻ നമ്പറില്‍ അറിയിക്കണം
സംശയ നിവാരണത്തിനും പരാതി നല്‍കാനുമായി വൃദ്ധന്‍ തട്ടിപ്പുകാര്‍ വാട്ട്സ്ആപ്പില്‍ പറഞ്ഞിരുന്ന ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് നേരിട്ടെത്തി. ഫിനാൻഷ്യൽ സർവീസ് കമ്പനി തങ്ങള്‍ക്ക് ഇത്തരത്തിലുളള വാട്ട്സ്ഗ്രൂപ്പ് ഇല്ലെന്ന് അറിയിച്ചപ്പോഴാണ് താൻ ഒരു തട്ടിപ്പ് കമ്പനിയിലാണ് പണം നിക്ഷേപിച്ച വിവരം ഇദ്ദേഹത്തിന് മനസിലായത്. മുംബൈ സൗത്ത് റീജിയൻ സൈബർ പോലീസ് നടത്തുന്ന കേസന്വേഷണം നിലവില്‍ പുരോഗമിക്കുകയാണ്.
ഒരു മുതിർന്ന വ്യക്തിയില്‍ നിന്ന് മുംബൈയില്‍ തന്നെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ഏപ്രിലില്‍ ഏകദേശം 25 കോടി രൂപ തട്ടിയെടുത്തിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വയോധികയെ ഭയപ്പെടുത്തിയത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സൂചനകള്‍ ലഭിച്ചാല്‍ തുടക്കത്തില്‍ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ അറിയിക്കേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇരകൾ എത്രയും വേഗം സൈബർ പോലീസിനെ ബന്ധപ്പെടുന്നുവോ, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.