സോണിയക്കും രാഹുലിനുമൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞക്ക് എത്തിയത് കേരളീയ വേഷത്തില്‍; കസവ് സെറ്റ് അണിഞ്ഞ്
വയനാട് എം.പിയായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു സത്യപ്രതിജ്ഞ. പാര്‍ലമെന്റിലേക്ക് എത്തിയത് കേരളീയ വേഷത്തില്‍, കസവു സെറ്റ് ഉടുത്ത്. സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വാദ്ര, മക്കള്‍ എന്നിവര്‍ ഉണ്ടായിരുന്നു. നെഹൃകുടുംബത്തില്‍ നിന്ന് സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പാര്‍ലമെന്റ് അംഗമായ അപൂര്‍വ സന്ദര്‍ഭം കൂടിയാണിത്. സോണിയ രാജ്യസഭാംഗം; രാഹുലും പ്രിയങ്കയും ലോക്‌സഭയില്‍.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്ന് 4.1 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 52കാരിയായ പ്രിയങ്ക ജയിച്ചത്. ഹരിയാനയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിടുന്ന സമയത്താണ് പ്രിയങ്കയുടെ പാര്‍ലമെന്റ് പ്രവേശനം. ഈ വെല്ലുവിളികള്‍ മറികടക്കുന്ന വിധം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രിയങ്കയുടെ നേതൃത്വത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ പ്രിയങ്കയുടെയും രാഹുലിന്റെയും സാന്നിധ്യം കേരളത്തിലെ കോണ്‍ഗ്രസിന് ഉണര്‍വാകും.