വെറുതെ പേടിപ്പിക്കാതെ! ഈ വൈറസ് പുതിയതല്ല, ഇന്ത്യയില്‍ മുന്‍പേയുണ്ട്
ചൈനയില്‍ നിയന്ത്രണാതീതമായ വൈറസ് ഇന്ത്യയില്‍ എത്തിയെന്ന മട്ടില്‍ പരിഭ്രാന്തി പരന്നതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്?;
ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് എന്ന എച്ച്.എം.പി.വി പുതിയൊരു വൈറസല്ലെന്ന് സ്ഥിരീകരിക്കുകയാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. ഇന്ത്യയില്‍ ഈ വൈറസ് 20 വര്‍ഷമായുണ്ടെന്ന് പറയുന്നത് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗന്‍ദീപ് കാംഗാണ്. കോവിഡ് കാലത്തിനു സമാനമായൊരു സാഹചര്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന പ്രചാരണങ്ങള്‍ നിരര്‍ഥകമാണെന്നും ഗഗന്‍ദീപ് കാംഗ് പറയുന്നു.
വൈറസ് ബാധയുടെ ലക്ഷണം സ്വാഭാവികമായും കുട്ടികളില്‍ കൂടുതലായിരിക്കും. അവരെ ആദ്യമായാണ് ഇത്തരം വൈറസ് പിടികൂടുന്നത്. പ്രതിരോധ ശേഷി ആര്‍ജിച്ചവര്‍ക്ക് വൈറസ് ബാധ ഒരു പ്രശ്‌നമാകാറുമില്ല. പ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവര്‍ക്കും വൈറസ് ബാധ മൂലമുള്ള ചില ലക്ഷണങ്ങള്‍ കൂടുതലായി പ്രകടമാകും. എച്ച്.എം.പി വൈറസ് ഏതായാലും ഇന്ത്യയില്‍ പുതിയതല്ലെന്ന് ഡോ. കാംഗ് ഉറപ്പിച്ചു പറയുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല.
ഇന്ത്യയില്‍ എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചതിന്റെ പ്രതിഫലനം തിങ്കളാഴ്ച ഓഹരി വിപണിയിലും കണ്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വിപണിയില്‍ വീണ്ടും പച്ച കത്തി. ഓഹരി വിപണിയിലെ ഈ ചാഞ്ചാട്ടം വൈറസ് പേടിയുടെ മാത്രം ഫലമല്ല, മറ്റു വിപണി സാഹചര്യങ്ങള്‍ കൊണ്ടു കൂടിയാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
വിദേശ യാത്ര നടത്തിയ പശ്ചാത്തലം ഇല്ലാത്തവരില്‍ വൈറസ് ബാധ കണ്ടത് അനാവശ്യ ഭയപ്പാട് സൃഷ്ടിക്കപ്പെട്ടതിന് മറ്റൊരു തെളിവായി. ചൈനയിലെ എച്ച്.എം.പി.വി വ്യാപനത്തില്‍ ഉത്കണ്ഠ ആവശ്യമില്ലെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നും വരുന്നത്. ലോകാരോഗ്യ സംഘടന ഈ വൈറസിനെതിരെ ഒരു ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടില്ല.