എന്‍എസ്ഇയില്‍ രണ്ടാം ഊഴത്തിനില്ല, പബ്ലിക് ലിസ്റ്റിംഗ് ബാക്കിയാക്കി വിക്രം ലിമായെ പടിയിറങ്ങും
ഐപിഒയ്ക്കായി എന്‍എസ്ഇ സമീപിച്ചപ്പോഴെല്ലാം സെബി അനുമതി നിഷേധിക്കുകയായിരുന്നു
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) രണ്ടാം ഊഴത്തിനില്ലെന്ന് സിഇഒ വിക്രം ലിമായെ. ജൂലൈയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്ര രാമകൃഷ്ണ കാലവധി പൂര്‍ത്തിയാക്കാതെ രാജിവെച്ചതിനെ തുടര്‍ന്നാണ് 2017ല്‍ വിക്രം ലിമായെ എന്‍എസ്ഇയുടെ തലപ്പത്ത് എത്തുന്നത്. എന്‍എസ്ഇ കോ-ലൊക്കേഷന്‍ തിരുമറിയില്‍ സിബിഐ കസ്റ്റഡിയിലാണ് നിലവില്‍ ചിത്ര രാമകൃഷ്ണ.
കഴിഞ്ഞ മാര്‍ച്ച് നാലിന് പുതിയ സിഇഒയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് എന്‍എസ്ഇ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പുതുതായി അപേക്ഷ സമര്‍പ്പിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കില്ലെന്നും വിക്രം ലിമായെ അറിയിച്ചു. വളരെ ദുഷ്‌കരമായ ഘട്ടത്തില്‍ എന്‍എസ്ഇയെ നയിക്കാന്‍ കഴിവിന്റെ പരമാവതി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. കോ-ലൊക്കേഷന്‍ തിരുമറിയില്‍ എന്‍എസ്ഇക്ക് ആറുമാസത്തേക്ക് ഐപിഒയില്‍ നിന്ന് വിലക്ക് ലഭിച്ചത് വിക്രം ലിമായെ തലപ്പത്തിരിക്കുമ്പോഴാണ്. 2019 ഏപ്രില്‍- ഒക്ടോബര്‍ കാലയളവിലായിരുന്നു വിലക്ക്.
എന്‍എസ്ഇയുടെ ദീര്‍ഘകാല ലക്ഷ്യമായ ഐപിഒ നടത്താന്‍ സാധിക്കാതെയാണ് വിക്രം ലിമായെ പടിയിറങ്ങുന്നത്. 2016ല്‍ ആണ് ആദ്യമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച എന്‍എസ്ഇ ആരംഭിച്ചത്. ഐപിഒയ്ക്കായി എന്‍എസ്ഇ മൂന്ന് തവണ സമീപിച്ചപ്പോഴും സെബി അനുമതി നിഷേധിക്കുകയായിരുന്നു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന വഴിവിട്ട നടപടികളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം അനുമതി എന്ന നിലപാടിലാണ് സെബി.
നിലവില്‍ 2,200 ഓഹരി ഉടമകളാണ് എന്‍എസ്ഇയില്‍ ഉള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ഏകദേശം വരുമാനം 8,500 കോടി രൂപയാണ് വരുമാന ഇനത്തില്‍ ഇതുവരെ എന്‍എസ്ഇക്ക് ലഭിച്ചത്. 5,800 കോടി രൂപയാണ് ലാഭം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, എന്‍എസ്ഇയുടെ വിപണി വിഹിതം വളരെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. 2017ല്‍ മൂലധന വിപണികളില്‍ എന്‍എസ്ഇയുടെ വിപണി വിഹിതം 85% ആയിരുന്നത് 2022ല്‍ 92 ശതമാനമായി ഉയര്‍ന്നു. ഡെറിവേറ്റീവ് വിഭാഗത്തില്‍, ഇത് 100% ആണ്.