ഒറ്റ ദിവസം കൊണ്ട് ഫാല്‍ഗുനി നയാറുടെ ആസ്തി വര്‍ധിച്ചത് 27000 കോടി രൂപ
പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ശേഷം നൈകയുടെ ആസ്തി 13.5 ശതകോടി ഡോളറായി ഉയര്‍ന്നു
ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തിയ ഇന്റര്‍നെറ്റ് കൊമേഴ്‌സ് കമ്പനിയായ നൈകയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഫാല്‍ഗുനി നയാറുടെ ആസ്തി ഒറ്റ ദിവസം കുതിച്ചുയര്‍ന്നത് 3.5 ശതകോടി ഡോളര്‍ (ഏകദേശം 26868 കോടി രൂപ). ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം 13.5 ശതകോടി ഡോളര്‍ മൂല്യമാണ് കൈവരിച്ചത്. ഇതോടെയാണ് 54 കാരിയായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന ഫാല്‍ഗുനിയുടെയും കുടുംബത്തിന്റെയും ആസ്തിയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഐപിഒയ്ക്ക് മുമ്പ് ഏഴ് ശതകോടി ഡോളര്‍ മാത്രമായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്.
വിപണിയില്‍ ഓഹരിയുടെ വില ആദ്യ ദിവസം തന്നെ 96.3 ശതമാനം വര്‍ധിച്ചതോടെ കമ്പനിയില്‍ 50 ശതമാനത്തിലേറെ ഓഹരിയുള്ള ഫാല്‍ഗുനിയുടെ ആസ്തി മൂല്യം 7.5 ശതകോടി ഡോളറായി(ഏകദേശം 54831 കോടി രൂപ) ഉയര്‍ന്നു.
1225 രൂപ നിരക്കിലാണ് ബ്യൂട്ടി, ഫാഷന്‍ ഇ റീറ്റെയ്ല്‍ കമ്പനിയായ നൈകയുടെ ഓഹരി ഐപിഒ നടത്തിയത്. എന്നാല്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരിവില 96.1 ശതമാനം ഉയര്‍ന്ന് 2206 രൂപയായിരുന്നു.
ഫാല്‍ഗുനി നയാര്‍ 2012 ലാണ് നൈകയ്ക്ക് തുടക്കമിടുന്നത്. ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നയായ സെല്‍ഫ് മെയ്ഡ് ബില്യണയറാണ് ഫാല്‍ഗുനി നയാര്‍.