എണ്ണവില ഉയര്‍ത്താന്‍ 'ആസൂത്രിത നീക്കം', കൈകോര്‍ത്ത് ഒപെകും റഷ്യയും; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ?

ഈ വര്‍ഷം എണ്ണവിലയില്‍ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നോണ്‍-ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് വിപണിയിലേക്കുള്ള എണ്ണഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കും;

Update:2025-01-09 12:21 IST
ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ ആവശ്യകത കുറഞ്ഞ നിരക്കില്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ റിഫൈനറികളില്‍ നവീകരണം നടക്കുന്നതും ഉത്പാദനത്തെ ബാധിച്ചു.
റഷ്യയുടെ ഡിസംബറിലെ പ്രതിദിന ഉത്പാദനം 8.971 മില്യണ്‍ ബാരലാണ്. അവരുടെ പ്രതിദിന ലക്ഷ്യത്തില്‍ നിന്ന് താഴെയാണിത്. തുറമുഖങ്ങള്‍ വഴിയുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് ഉത്പാദനത്തിലും പ്രതിഫലിച്ചത്. റഷ്യയുടെ ക്രൂഡ് കയറ്റുമതി 2024 ഒക്ടോബര്‍ മുതല്‍ കുറയുകയാണ്. ഇന്ത്യയും ചൈനയും അടക്കം റഷ്യയുടെ ഇടപാടുകാര്‍ ഇറക്കുമതി കുറച്ചതാണ് കാരണം.
ചൈനയില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്ന പ്രവണത തുടരുകയാണ്. ഇത് ചൈനയിലെ ഇന്ധന ഉപഭോഗത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ചൈന വലിയ വിപണിയാണ്. എണ്ണ ഡിമാന്‍ഡ് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചൈനയിലെ ഉപഭോഗം കുറഞ്ഞതാണ്.

2025ല്‍ എണ്ണവില എങ്ങനെ?

ഈ വര്‍ഷം എണ്ണവിലയില്‍ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നോണ്‍-ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് വിപണിയിലേക്കുള്ള എണ്ണഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കും. മുന്‍കാലങ്ങളില്‍ ഒപെക് രാജ്യങ്ങളുടെ കൈവശമായിരുന്നു എണ്ണവിലയുടെ താക്കേല്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണവിപണിയില്‍ ശക്തിയായി മാറി.
ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ബി.എം.ഐ, 2025-ല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 76 ഡോളറായി തുടരുമെന്ന് പ്രവചിക്കുന്നു. ബാരലിന് ശരാശരി 80 ഡോളറായിരുന്നു 2024ല്‍. 

ഇന്ത്യയ്ക്ക് എങ്ങനെ?

എണ്ണവില എത്രയും കുറയുന്നോ അത്രയും നേട്ടമാണ് ഇന്ത്യയ്ക്ക്. 80 ഡോളറിന് മുകളിലേക്ക് വില കുതിച്ചാലേ ഇന്ത്യയ്ക്ക് പ്രശ്‌നങ്ങളുണ്ടാകൂ. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം കുറയ്ക്കുന്നത് എണ്ണവില ഉയരാന്‍ ഇടയാക്കും. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ മാന്ദ്യരീതി നിലനില്‍ക്കുന്നത് ഉപഭോഗത്തില്‍ കുറവുണ്ടാക്കും. ഇത് വില കൂട്ടാനുള്ള നീക്കങ്ങളുടെ മുനയൊടിക്കും.
നിലവില്‍ ക്രൂഡ് വില 76 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വിലയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടു ഡോളറോളം ഉയര്‍ന്നിട്ടുണ്ട്. 80 ഡോളറില്‍ താഴെ ക്രൂഡ് വില നിന്നാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചുമതലയേറ്റപ്പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാംപാദത്തില്‍ എണ്ണക്കമ്പനികളുടെ വരുമാനം വന്‍തോതില്‍ ഇടിഞ്ഞതോടെ കേന്ദ്രം തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയി.
Tags:    

Similar News