വണ്‍ ഇന്ത്യ-വണ്‍ ടിക്കറ്റുമായി റെയില്‍വേ; തുടക്കം 'നമോ ട്രെയിന്‍' വഴി, മെട്രോ റെയിലുകളിലേക്കും വ്യാപിപ്പിക്കും

ഈ സംവിധാനം ഉപയോഗിച്ച് മെട്രോ യാത്രകള്‍ക്ക് ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും

Update:2024-08-14 12:42 IST
Image : x.com/southern railway
ഇന്ത്യന്‍ റെയില്‍വേയും നാഷണല്‍ ക്യാപിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും (എന്‍.സി.ആര്‍.ടി.സി) ചേര്‍ന്ന് വണ്‍ ഇന്ത്യ-വണ്‍ ടിക്കറ്റ് ആശയം നടപ്പിലാക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗും യാത്രയും കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി-ഗാസിയാബാദ് റൂട്ടിലുള്ള സെമി ഹൈസ്പീഡ് റീജിയണല്‍ ട്രെയിന്‍ സര്‍വീസിലാണ് വണ്‍ ഇന്ത്യ-വണ്‍ ടിക്കറ്റ് സംവിധാനം ലഭ്യമാക്കുക. ഐ.ആര്‍.സി.ടിസിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 8 യാത്രക്കാര്‍ക്ക് വരെ ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം. 120 വരെ മുന്‍കൂര്‍ ബുക്കിംഗും ഈ സംവിധാനത്തിലൂടെ ലഭിക്കും.

മെട്രോകളിലേക്കും വ്യാപിപ്പിക്കും

ഡല്‍ഹി മെട്രോയിലെ ടിക്കറ്റുകള്‍ ഐ.ആര്‍.സി.ടി.സി ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നതിനുള്ള കരാര്‍ അടുത്തിടെ ഒപ്പിട്ടിരുന്നു. ഈ സംവിധാനം ഉപയോഗിച്ച് മെട്രോ യാത്രകള്‍ക്ക് ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും.
ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്, സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് എന്നിവയുമായി ചേര്‍ന്നാണ് ഡല്‍ഹി മെട്രോ ഇക്കാര്യത്തില്‍ പങ്കാളികളായത്. കൊച്ചി മെട്രൊ അടക്കം രാജ്യത്തെ മറ്റ് മെട്രോ സര്‍വീസുകളെയും വണ്‍ ഇന്ത്യ, വണ്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാന്‍ പദ്ധതിയുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായിരുന്നു നമോ ഭാരത് ട്രെയിന്‍ സര്‍വീസ്. രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണല്‍ ട്രെയിന്‍ സര്‍വീസാണിത്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിലാണ് ആദ്യമായി ഈ ട്രെയിന്‍ ഓടിയത്.
Tags:    

Similar News