ചാറ്റ് ജി.പി.ടിയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഓപ്പണ്‍എ.ഐ "സ്ട്രോബെറി"യുടെ പണിപ്പുരയില്‍
സങ്കീർണ്ണമായ ഗണിത-ശാസ്‌ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുക രഹസ്യ പ്രോജക്ടിന്റെ ലക്ഷ്യം
ചാറ്റ് ജി.പി.ടിയുടെ ഉപജ്ഞാതാക്കളായ ഓപ്പണ്‍എ.ഐ, എ.ഐയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് "സ്ട്രോബെറി" എന്ന പേരില്‍ രഹസ്യ പ്രോജക്ട് വികസിപ്പിക്കുന്നത്. കൂടുതല്‍ വ്യക്തതയോടെ ഉത്തരങ്ങള്‍ നല്‍കാനും കൂടുതല്‍ മേഖലകളില്‍ ഓപ്പണ്‍എ.ഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കമ്പനിയെ സഹായിക്കുന്നതാണ് ഇത്.
സ്ട്രോബെറിയുടെ ലക്ഷ്യം കൂടുതല്‍ ആഴത്തിലുള്ള ഗവേഷണം
ടെക്‌സ്‌റ്റ് അധിഷ്‌ഠിത പ്രതികരണങ്ങൾ സൃഷ്‌ടിക്കുന്നതിൽ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി, കൂടുതല്‍ ആഴത്തിലുള്ള ഗവേഷണം ലക്ഷ്യമിട്ടാണ് സ്ട്രോബെറി രൂപകല്‍പ്പന ചെയ്യുന്നത്. ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സന്ദർഭം, യുക്തി, മൾട്ടി-സ്റ്റെപ്പ് പ്രശ്‌നപരിഹാരം തുടങ്ങിയവയില്‍ കൂടുതല്‍ ഗവേഷണമാണ് സ്ട്രോബെറി നടത്തുന്നത്.
സങ്കീർണ്ണമായ ഗണിത-ശാസ്‌ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷികളോട് കൂടിയായിരിക്കും സ്ട്രോബെറി എത്തുക. വലിയ ഡാറ്റാ സെറ്റുകളിൽ പരിശീലനം നല്‍കിയ ശേഷം എ.ഐ മോഡലുകളെ പരിഷ്കരിക്കുന്ന പ്രക്രിയയില്‍ സ്ട്രോബെറി മുന്‍തൂക്കം നല്‍കുന്നു. കൃത്യതയോടെ ഉത്തരങ്ങള്‍ നല്‍കാന്‍ മോഡലുകളെ പ്രാപ്തമാക്കുന്ന പ്രക്രിയകളും സ്വയം സൃഷ്ടിച്ച പരിശീലന ഡാറ്റകളും എ.ഐയുടെ യുക്തിസഹമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് നിർണായകമാണ്.
ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെല്ലാം ജനറേറ്റീവ് എ.ഐ രംഗത്ത് വിവിധ സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിന് വലിയ മുന്‍തൂക്കമാണ് നൽകിക്കൊണ്ടിരിക്കുന്നത്. എ.ഐ മോഡലുകൾ മനുഷ്യരെപ്പോലെ തന്നെ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന തരത്തില്‍ വളര്‍ച്ച പ്രാപിക്കണമെന്ന നിലയിലുളള പ്രവര്‍ത്തനങ്ങളിലാണ് ഗവേഷകര്‍ ഉളളത്.