ജീവനക്കാരുടെ ശമ്പളത്തില്‍ 'കൈവച്ച്' യോഗി സര്‍ക്കാര്‍; 13 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മുന്നറിയിപ്പ്
മൊത്തം 17,88,429 പേരാണ് യു.പിയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളത്
ഉത്തര്‍പ്രദേശില്‍ 13 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റിലെ ശമ്പളം ലഭിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍. ജീവനക്കാര്‍ തങ്ങളുടെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന യോഗി സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് പ്രതിസന്ധിക്ക് കാരണം.
സര്‍ക്കാര്‍ ജീവനക്കാരില്‍ സിംഹഭാഗം പേരും മാനവ് സമ്പാദ പോര്‍ട്ടല്‍ വഴി തങ്ങളുടെ സ്വത്തുവിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ വിവരം വെളിപ്പെടുത്താത്തവര്‍ക്ക് ഓഗസ്റ്റിലെ ശമ്പളവും പ്രമോഷനും നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 31 ആണ് വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാനുള്ള അവസാന തിയതി.
നിലപാടിലുറച്ച് സര്‍ക്കാര്‍
ജീവനക്കാര്‍ തങ്ങളുടെ ഭൂമി, ബാങ്ക് ബാലന്‍സ് ഉള്‍പ്പെടെയുള്ള ആസ്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. നിര്‍ദ്ദേശം അംഗീകരിക്കാത്ത പക്ഷം പ്രമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെയും ഇത് ബാധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ ഉത്തരവ്.
പിന്നീട് പലഘട്ടങ്ങളിലായി തിയതി നീട്ടികൊടുത്തു. ഇതുവരെ 26 ശതമാനം ജീവനക്കാര്‍ മാത്രമാണ് ആസ്തി വെളിപ്പെടുത്തിയത്. മൊത്തം 17,88,429 പേരാണ് യു.പിയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളത്. 13 ലക്ഷത്തോളം പേരാണ് ഇനി വിവരം നല്‍കാനുള്ളത്.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഉത്തരവ് അവഗണിക്കുന്ന ജീവനക്കാര്‍ സെപ്റ്റംബര്‍ മുതല്‍ ഡ്യൂട്ടിക്ക് എത്തിയാലും ഇവരുടെ ഹാജര്‍ രേഖപ്പെടുത്തില്ലെന്ന് ചീഫ് സെക്രട്ടറി മനോജ്കുമാര്‍ സിംഗിന്റെ ഉത്തരവില്‍ പറയുന്നു. അനധികൃത സമ്പാദ്യത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കുമെന്ന ഭീതിയാണ് ജീവനക്കാരെ വിവരം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.