പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് വന്‍ പ്രതികരണം; ആദ്യ ദിന രജിസ്‌ട്രേഷന്‍ 1.55 ലക്ഷം
200ലേറെ കമ്പനികളില്‍ മൊത്തം 90,849 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുക
യുവാക്കള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് വലിയ സ്വീകാര്യത. ആദ്യ ദിവസം 1.55 ലക്ഷം പേരാണ് സ്‌കീമിലേക്ക് അപേക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള വെബ്‌പോര്‍ട്ടല്‍ തുറന്നത്.
ഞായറാഴ്ച വൈകുന്നേരം വരെ 1,55,109 യുവാക്കളാണ് രജിസ്റ്റര്‍ ചെയ്തത്. 21-24 പ്രായത്തിനിടയ്ക്കുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. ഡിസംബര്‍ രണ്ടിനാണ് ആദ്യഘട്ട ഇന്റണ്‍ഷിപ്പ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 800 കോടി രൂപയാണ് മുടക്കുക. ആധാര്‍ അടിസ്ഥാനമാക്കിയാണ് സ്‌കീമിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്.
പദ്ധതി ഇങ്ങനെ
200ലേറെ കമ്പനികളില്‍ മൊത്തം 90,849 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസൂക്കി, എല്‍ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി പ്രമുഖ കമ്പനികളില്‍ അവസരം ലഭിക്കും. ഈ സ്ഥാപനങ്ങളില്‍ പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഠിച്ചിറങ്ങിയവര്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പരിശീലനവും വരുമാനവും ലഭിക്കുന്നത് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ ആയിരിക്കരുത് അപേക്ഷകര്‍. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷം 60,000 രൂപ വീതം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക. ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 5,000 രൂപയില്‍ 4,500 രൂപയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്.