പി.ഐ.എ വിമാനക്കമ്പനിയെ വില്‍ക്കാന്‍ പാക് സര്‍ക്കാര്‍; നീക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പൊതു മേഖല കമ്പനികള്‍ വില്ക്കാന്‍ പാക്കിസ്ഥാന്‍
കടത്തിലും വിലവര്‍ധനവിലും നട്ടംതിരിയുന്ന പാക്കിസ്ഥാന്‍ പൊതുമേഖ സ്ഥാപനങ്ങളെയെല്ലാം വില്‍ക്കാന്‍ തീരുമാനിച്ചു. ആദ്യ പടിയായി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെയാണ് വില്‍പ്പനയ്ക്കു വയ്ക്കുക. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ സ്ഥാപനങ്ങളൊഴികെ 2029നുള്ളില്‍ വില്‍ക്കാനാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ച്ച കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പാക്കിസ്ഥാനിലെ ഭൂരിപക്ഷ പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ആദ്യ നറുക്ക് വിമാന സര്‍വീസിന്
സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യ ഇര പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ആണ്. സമീപകാലത്തൊന്നും ലാഭത്തിന്റെ അടുത്തു പോലും എത്താത്ത പി.ഐ.എയ്ക്കായി കോടിക്കണക്കിന് പണമാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ലേലം സുതാര്യമാക്കുന്നതിനായി സ്വകാര്യവല്‍ക്കരണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. പി.ഐ.എയുടെ ലേലം സര്‍ക്കാര്‍ ചാനലിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
2029നുള്ളില്‍ മുഴുവന്‍ സ്ഥാപനങ്ങളും വിറ്റൊഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക കമ്മീഷനെ തന്നെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇതുമായി സഹകരിക്കണമെന്നും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസുസ്ഥിരത തകര്‍ന്നു തരിപ്പണമാകാതിരിക്കാന്‍ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന നിലപാടുകാരനാണ് പാക്കിസ്ഥാന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്താരാഷ്ട്ര നാണയനിധിയെ (ഐ.എം.എഫ്) വീണ്ടും സമീപിച്ചിരിക്കുകയാണ് പാക് സര്‍ക്കാര്‍. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് രക്ഷപെടാന്‍ ചെലവുകള്‍ കുറയ്ക്കാനും സബ്‌സിഡി കുറയ്ക്കാനും വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞു
രാഷ്ട്രീയ രംഗത്തെ അസ്ഥിരതയും കലാപങ്ങളും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും പാക് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വില പലമടങ്ങ് വര്‍ധിച്ചിരുന്നു. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിയുകയാണ്. ഡോളറുമായുള്ള വിനിമയനിരക്ക് 278.50 രൂപയാണ്. പാക് അധീന കാശ്മീരിലും ബലൂചിസ്ഥാനിലും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയത് കലാപത്തിലാണ് അവസാനിച്ചത്.