പ്രവാസിയുടെ നൊസ്റ്റാള്‍ജിയ മുതലാക്കാന്‍ സ്വിഗ്ഗിയും കളത്തില്‍; വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം, നാട്ടിലെ വീട്ടിലെത്തും ഇഷ്ടവിഭവം

വിദേശ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനം

Update:2024-10-26 11:52 IST

 image: @canva/swiggy fb

വിദേശ രാജ്യങ്ങളില്‍ ഇരുന്ന് നാട്ടിലുള്ള ബന്ധുക്കള്‍ക്കായി ഇഷ്ടഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. സ്വിഗ്ഗി അത് കൃത്യമായി വീട്ടിലെത്തിക്കും. ഫുഡ് ഡെലിവെറിക്ക് അന്താരാഷ്ട്ര മാനങ്ങള്‍ നല്‍കുകയാണ് സ്വിഗ്ഗി. കമ്പനിയുടെ ഇന്‍സ്റ്റാമാര്‍ട്ട് പ്ലാറ്റ് ഫോമിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ഇതിനായി ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ അവസതരിപ്പിച്ചിരിക്കുകയാണ്. യു.എസ്, കാനഡ, ജര്‍മനി, യു.കെ. തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് സ്വിഗ്ഗി പറയുന്നത്.

ദീപാവലി സമ്മാനം

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. അന്താരാഷ്ട്ര ലോഗിന്‍ ഫീച്ചറില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് നാട്ടിലെ വിലാസത്തില്‍ പെട്ടെന്ന് തന്നെ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കും. ദീപാവലി സ്വീറ്റ്‌സ് തന്നെയാകും പ്രധാന ഓര്‍ഡറുകള്‍ എന്നാണ് കണക്കുകൂട്ടല്‍. പണമിടപാട് ക്രെഡിറ്റ് കാര്‍ഡ് വഴിയോ യു.പി.ഐ വഴിയോ നിര്‍വ്വഹിക്കാനുമാകും. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യങ്ങളെ തുടര്‍ന്നാണ് ഈ സേവനം ആരംഭിക്കുന്നതെന്ന് സ്വിഗ്ഗി സഹസ്ഥാപകന്‍ ഫാനി കിഷന്‍ പറഞ്ഞു. സ്വിഗ്ഗിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താനാകും.

ഗ്രാമങ്ങളില്‍ വിജയിച്ച പരീക്ഷണം

കേരളത്തിലെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ഹോട്ടലുകള്‍ പരീക്ഷിച്ച് വിജയിച്ച ബിസിനസ് തന്ത്രമാണിത്. ഗള്‍ഫ് നാടുകളിലുള്ളവരെ ഉള്‍പ്പെടുത്തിയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഗ്രാമങ്ങളിലെ പല ഹോട്ടലുകളുടെയും പ്രധാന വരുമാന സ്രോതസാണ്. ഗള്‍ഫില്‍ ഇരുന്ന് ഇത്തരം ഗ്രൂപ്പുകളിലൂടെ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന നിരവധി ഗൾഫ് പ്രവാസികളുണ്ട്. ബന്ധുക്കളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ മുതല്‍ വീടുകളില്‍ നടക്കുന്ന ചെറിയ ചടങ്ങുകള്‍ക്ക് വരെ ഭക്ഷണത്തിനായി ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ഹോം മെയ്ഡ് കേക്കുകളുടെ പ്രധാന ബിസിനസ് രംഗമാണ് ഇത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍.

Tags:    

Similar News