ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ കടന്നു; തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില കൂട്ടി

Update: 2020-06-22 05:49 GMT

ജൂണ്‍ ഏഴ് മുതല്‍ തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവില വര്‍ധനവ് തുടരുന്നു. തിങ്കളാഴ്ച പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയില്‍ എട്ട് രൂപയില്‍ കുടുതല്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പെട്രോളിന് എട്ട് രൂപ 33 പൈസയും ഡീസലിന് എട്ട് രൂപ 98 പൈസയുമാണ് വര്‍ധിച്ചത്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 28 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 76 രൂപ 12 പൈസയുമായി. കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ വില എത്തി നില്‍ക്കുന്നത്.

വര്‍ധന അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കുമെന്നും വദിഗ്ധര്‍ പറയുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായ വേളയില്‍ നികുതി കൂട്ടിയതിനെതിരെ പ്രതിപക്ഷവും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News