കാത്തിരുന്നോളൂ, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് അടുത്ത ആഴ്ച മുതല്‍ ഉണ്ടായേക്കും

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2022-03-02 10:24 GMT

ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ കുതിച്ചുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയ്ല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ 9 രൂപയുടെ വിടവ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ധനവിലൂടെ നികത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക വിതരണം തടസപ്പെടുമെന്ന ഭയം കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില 2014 പകുതിക്ക് ശേഷം ആദ്യമായി 110 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.

ഓയ്ല്‍ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) വിവരമനുസരിച്ച്, ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ വില മാര്‍ച്ച് ഒന്നിന് ബാരലിന് 102 ഡോളറിനു മുകളില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് നിര്‍ത്തലാക്കിയ സമയത്ത് ക്രൂഡ് ഓയിലിന്റെ (ഇന്ത്യന്‍ ബാസ്‌ക്കറ്റ്) വില ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു.

നിലവില്‍ ക്രൂഡ് ഓയ്ല്‍ വില വര്‍ധിച്ചത് കാരണം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് 5.7 രൂപ നഷ്ടമാണ് നേരിടുന്നത്. ഇത് അവരുടെ സാധാരണ മാര്‍ജിനായ ലിറ്ററിന് 2.5 രൂപ കണക്കിലെടുക്കാതെയാണ്. ഈ കമ്പനികള്‍ അവരുടെ സാധാരണ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നേടണമെങ്കില്‍ ചില്ലറ വില്‍പ്പന വിലയില്‍ ലിറ്ററിന് 9 രൂപ അല്ലെങ്കില്‍ 10 ശതമാനം വര്‍ധനവ് ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News