കൊറോണ വാക്സിന്‍ ഒക്ടോബറില്‍ തയാറാകുമെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി

Update: 2020-05-29 12:04 GMT

ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ കൊറോണയ്ക്കുള്ള വാക്സിന്‍ തയാറായേക്കുമെന്ന് പ്രമുഖ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗല. കാര്യങ്ങള്‍ ശരിയായ നിലയ്ക്ക് പോയാല്‍ ആറു മാസത്തിനകം തങ്ങള്‍ക്ക് അതിനു കഴിയുമെന്നാണ് ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ജര്‍മന്‍ സ്ഥാപനമായ ബയോണ്‍ടെക്കുമായി യോജിച്ച് പുതിയ വാക്സിനുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഫൈസര്‍.

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനേകയും ഈ വര്‍ഷം അവസാനം വാക്സിന്‍ പുറത്തിറക്കാനാകും എന്ന ശുഭപ്രതീക്ഷയിലാണ്. ഓക്സ്ഫോര്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്.

കണക്കനുസരിച്ച് ലോകത്ത് ചുരുങ്ങിയത് നൂറു ലാബുകളിലെങ്കിലും കൊവിഡിനെതിരായ വാക്സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ പത്തെണ്ണം ക്ലിനിക്കല്‍ ട്രയല്‍ നടത്താനൊരുങ്ങുകയും ചെയ്യുന്നുണ്ട്. 50 ലക്ഷത്തിലേറെ പേര്‍ക്ക് ബാധിച്ചിരിക്കുന്ന കൊവിഡിനെ തുരത്താന്‍ ചുരുങ്ങിയത് 1.5 കോടി ഡോസ് വാക്സിനെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News