'ബ്രാന്‍ഡഡ്' ഇളവോടെ പ്ലാസ്റ്റിക്ക് നിരോധനം

Update: 2019-12-27 10:49 GMT

ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകള്‍ക്ക് പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവു നല്‍കി.അതേസമയം, ഇവയുടെ ഉല്‍പാദകരും വില്‍പനക്കാരും ഇറക്കുമതിക്കാരും ബ്രാന്‍ഡഡ് ഉല്‍പന്ന പാക്കറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്നു തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും പാലിക്കുകയും വേണമെന്ന നിബന്ധനയുണ്ട്.

ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിലാകുക. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ട് കഴിഞ്ഞ 27ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവിലാണ് അധിക ഇളവുകളും നിയന്ത്രണങ്ങളും. മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വച്ചു വില്‍ക്കുന്നതിനു വിലക്കില്ല.

ചില്ലറ വില്‍പന ശാലകളും വഴിയോര കച്ചവടക്കാരും പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വില്‍ക്കുന്നതിനു നിരോധനമുണ്ട്. അര ലിറ്ററില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ നിരോധിച്ചത് ഒഴിവാക്കി. എന്നാല്‍, അര ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍ പാടില്ല. എല്ലാ വലിപ്പത്തിലുമുള്ള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകളും ജ്യൂസ് പായ്ക്കറ്റുകളും അര ലിറ്ററും അതിനു മുകളിലുള്ളതുമായ കുപ്പിവെള്ള ബോട്ടിലുകളും വില്‍ക്കാം. എന്നാല്‍ ഇവ തിരികെ ശേഖരിക്കണം.

ഭക്ഷണവും പഴങ്ങളും പച്ചക്കറിയും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്തു സുതാര്യമായ ക്ലിങ് ഫിലിമിനെ നിരോധിച്ച പ്ലാസ്റ്റിക് ഷീറ്റുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരോധിച്ച പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് തുടങ്ങിയവയുടെ പട്ടികയില്‍ പ്ലാസ്റ്റിക് ടംബ്ലര്‍ കൂടി ഉള്‍പ്പെടുത്തി. പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണം.

നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News