എറണാകുളത്ത് 1,167, തിരുവനന്തപുരത്ത് 501, പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ കേരളത്തില്‍ 3,000 അവസരങ്ങള്‍

ടാറ്റ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസൂക്കി, എല്‍ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി പ്രമുഖ കമ്പനികളില്‍ അവസരം ലഭിക്കും;

Update:2024-10-29 15:26 IST
യുവാക്കള്‍ക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കുന്ന പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,000 അവസരങ്ങള്‍. പദ്ധതിയില്‍ ചേരുന്നതിനായി നവംബര്‍ ആദ്യ വാരം വരെ അപേക്ഷിക്കാം. കമ്പനികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

കൂടുതല്‍ അവസരങ്ങള്‍ എറണാകുളത്ത്

കേരളത്തില്‍ അവസരങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1,167 അവസരങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം-501, മലപ്പുറം-266, കോഴിക്കോട്-210, കോട്ടയം-184, തൃശൂര്‍-172, കൊല്ലം-116, ആലപ്പുഴ-106, പാലക്കാട്-64, കാസര്‍ഗോഡ്-63, കണ്ണൂര്‍-60, വയനാട്-20, പത്തനംത്തിട്ട-16, ഇടുക്കി-14 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളത് മഹാരാഷ്ട്രയിലാണ്- 14,694. തമിഴ്‌നാട് (13,262), ഗുജറാത്ത് (12,246) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
ടാറ്റ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസൂക്കി, എല്‍ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി പ്രമുഖ കമ്പനികളില്‍ അവസരം ലഭിക്കും. ഈ സ്ഥാപനങ്ങളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഠിച്ചിറങ്ങിയവര്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പരിശീലനവും വരുമാനവും ലഭിക്കുന്നത് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ ആയിരിക്കരുത് അപേക്ഷകര്‍. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷം 60,000 രൂപ വീതം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.
Tags:    

Similar News