ഹൈബ്രിഡ് വന്നാൽ കളി മാറും; ബജറ്റിൽ ഈയിനം കാറുകളുടെ നികുതിയിളവ് പരിഗണനയിൽ
ഇലക്ട്രിക്കല്ല, ഹൈബ്രിഡ് വാഹനങ്ങളാണ് നല്ലതെന്ന വാദം ശക്തമാകുന്നു
കാലങ്ങളായി ഉപയോഗിച്ചുവന്ന ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനുകളില്‍ നിന്നും ഇലക്ട്രിക് മോട്ടോറുകളിലേക്ക് വാഹനലോകം മാറാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാന്‍ കഴിയുന്നതും പ്രകൃതിക്കിണങ്ങിയതുമായ മാറ്റമാണിതെന്നും ചിലര്‍ സമര്‍ത്ഥിച്ചു.
എന്നാല്‍ കാര്യങ്ങള്‍ അത്ര വെടിപ്പായല്ല പോകുന്നതെന്നാണ് വാഹനലോകത്തെ പുതിയ സംസാരം. പല ഉപയോക്താക്കളും ഇലക്ട്രിക് വാഹനങ്ങള്‍ ഉപേക്ഷിച്ച് പെട്രോള്‍, ഡീസല്‍ കാറുകളിലേക്ക് മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വൈദ്യുത വാഹന നയം വേണ്ടത്ര ആലോചനകളില്ലാതെയാണ് നടപ്പിലാക്കിയതെന്നും വേണ്ടത് പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനങ്ങളാണെന്നും ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടത് ചര്‍ച്ച വിപുലമാക്കി.
ആഗോള വാഹന വിപണിയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും പതിയെ ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനുകളിലേക്ക് മടങ്ങുകയാണെന്ന വാര്‍ത്തയും പുറത്തുവന്നു. ഇതിനിടയിലാണ് ഇലക്ട്രിക് വാഹനങ്ങളല്ലെങ്കില്‍ പിന്നെയെന്താണ് മാര്‍ഗമെന്ന ചോദ്യമുയര്‍ന്നത്. വാഹനലോകം തന്നെ അതിനും ഉത്തരം കണ്ടുപിടിച്ചു, ഹൈബ്രിഡ്. അതായത് പഴയ പെട്രോള്‍ വണ്ടിയുടെയും പുതിയ കറണ്ട് വണ്ടിയുടെയും സങ്കരയിനം, പെട്രോളിലും കറണ്ടിലുമോടുമെന്ന് അര്‍ത്ഥം.
കേന്ദ്രവും നയം മാറ്റുന്നു?
ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ചരക്കു സേവന നികുതിയും 15 ശതമാനവും സെസും ചുമത്തുന്നുണ്ട്. സെസ് ഒഴിവാക്കാനും ജി.എസ്.ടി സ്ലാബ് കുറയ്ക്കാനുമുള്ള ഹെവി ഇന്‍ഡ്രസ്ട്രീസ് മന്ത്രാലയത്തിന്റെ ശുപാര്‍ശ ധനമന്ത്രാലയം പരിഗണിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില കുത്തനെ കുറയും. അടുത്തിടെ ഹൈബ്രിഡ് കാറുകള്‍ക്കുള്ള റോഡ് തീരുവ കുറയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത് വാഹന വിപണി കയ്യടിയോടെയാണ് സ്വീകരിച്ചത്.
2018വരെ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തിലാണ് ഹൈബ്രിഡ് വാഹനങ്ങളെയും കൂട്ടിയിരുന്നത്. എന്നാല്‍ അധിക നികുതി ഈടാക്കാമെന്ന സാധ്യത മുന്നില്‍ കണ്ട കേന്ദ്രസര്‍ക്കാര്‍ ഹൈബ്രിഡ് കാറുകളെ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റി. ഇതുമൂലം ഹൈബ്രിഡ് കാറുകളുടെ വിലയില്‍ 43 ശതമാനം വര്‍ധനയുണ്ടായി. ഇതേസമയം, ജി.എസ്.ടി കൗണ്‍സില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12ല്‍ നിന്നും അഞ്ചായി കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയിലെ ഹൈബ്രിഡ് വാഹനങ്ങള്‍
എണ്ണിയെടുക്കാവുന്ന മോഡലുകള്‍ മാത്രമാണ് ഹൈബ്രിഡ് കാര്‍ വിപണിയിലുള്ളത്. അതും സാധാരണക്കാരന് താങ്ങാനാവാത്ത വിലയിലുള്ളതാണ് മിക്കവയും. ഇന്ത്യന്‍ വാഹനവിപണിയിലെ പ്രധാന ഹൈബ്രിഡ് കാര്‍ മോഡലുകള്‍ ഇവയാണ് (മോഡലുകളും എക്‌സ് ഷോറൂം വിലയും എന്ന ക്രമത്തില്‍) ടൊയോട്ട ഇന്നോവ ഹൈക്രോസ് -25.97 ലക്ഷം, ടൊയോട്ട കാംറി -46.17 ലക്ഷം, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ 11.14 ലക്ഷം, മെര്‍സിഡസ് ബെന്‍സ് ജി.എല്‍.ഇ - 96.65 ലക്ഷം, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാറ -10.87 ലക്ഷം, മെര്‍സിഡസ് ബെന്‍സ് മേബാക്ക് എസ് ക്ലാസ് -2.72 കോടി, മാരുതി സുസുക്കി ഇന്‍വിക്ടോ -25.05 ലക്ഷം, ഹോണ്ട സിറ്റി ഹൈബ്രിഡ് ഇ.എച്ച്.ഇ.വി -19.04 ലക്ഷം.