ജി.എസ്.ടിയിലെ കുറവ് ഉപഭോക്താക്കള്‍ക്കു കൈമാറിയില്ല; നെസ്ലെയ്ക്ക് 90 കോടി പിഴ

Update: 2019-12-12 10:51 GMT

ജി.എസ്.ടി നിയമം പാലിച്ചില്ലെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെ 89.7 കോടി രൂപ പിഴയടയ്ക്കണമെന്ന് നാഷണല്‍ ആന്റി പ്രോഫിറ്റിയറിങ് അതോറിട്ടിയുടെ ഉത്തരവ്. വാറ്റ് വ്യവസ്ഥയിലെ നികുതി നിരക്ക് ചരക്ക് സേവന നികുതിയിലേക്കു മാറ്റിയപ്പോള്‍ വരുത്തിയ കുറവ് ഉപഭോക്താക്കള്‍ക്കു നല്‍കിയിട്ടിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

മാഗി, കിറ്റ്കാറ്റ്, മഞ്ച്, നെസ്‌കഫേ എന്നിങ്ങനെയുള്ള ജനപ്രിയ ഇനങ്ങളുടെ ഉല്‍പ്പാദകരാണ് നെസ്ലെ. നിയമവിരുദ്ധവും ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികള്‍ കാരണം നികുതി കുറച്ചതുവഴിയുള്ള ഗുണം ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് എന്‍ എ എ നിരീക്ഷിച്ചു. ജിഎസ്ടി യുമായി ബന്ധപ്പെട്ട് കൊള്ളലാഭം തടയുന്നതിനുള്ള ഔദ്യോഗിക സമിതിയാണ് നാഷണല്‍ ആന്റി പ്രോഫിറ്റിയറിങ് അതോറിട്ടി (എന്‍.എ.എ).

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴിയുള്ള ആനുപാതിക നേട്ടം വിലയില്‍ ഉപയോക്താവിന് ഉണ്ടാകണമെന്ന ചട്ടം ലംഘിക്കപ്പെട്ടതിലൂടെ കമ്പനി 0.42 ശതമാനം അമിതലാഭമുണ്ടാക്കിയെന്നാണ് കണക്ക്. അതനുസരിച്ചുള്ള പിഴ 89.7 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം നെസ്ലെ 16.58 കോടി രൂപ സര്‍ക്കാരില്‍ നിക്ഷേപിച്ചിട്ടുള്ളതിനാല്‍ ബാക്കി തുക 18 ശതമാനം നികുതിയോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉപഭോക്തൃ ക്ഷേമ ഫണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.ഉല്‍പ്പന്നവില കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമുണ്ട് ഉത്തരവില്‍.

അതേസമയം, തികഞ്ഞ കോര്‍പ്പറേറ്റ് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചുവരുന്ന നെസ്ലെ ഇന്ത്യ ജി.എസ്.ടിയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും എന്‍.എ.എയുടെ ഉത്തരവ് പഠിച്ചശേഷം ഉചിത നടപടികള്‍ സ്വീകരിക്കുമെന്നും നെസ്ലെ വക്താവ് പറഞ്ഞു.വാര്‍ത്ത വന്നതോടെ നെസ്ലെയെുടെ ഓഹരി വില കഴിഞ്ഞ 50 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News