നടപ്പിലാക്കാൻ കഴിയുന്ന വാഗ്‌ദാനങ്ങൾ മാത്രമേ നൽകാവൂ: ഗഡ്കരി

Update: 2019-01-28 04:01 GMT

നടപ്പിലാക്കാൻ കഴിയുന്ന വാഗ്‌ദാനങ്ങൾ മാത്രമേ ജനങ്ങൾക്ക് നൽകാവൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ നേതാക്കളെ കൈകാര്യം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

"സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന നേതാക്കളെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചു കൊടുക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടാൽ ജനങ്ങൾ അവരെ തല്ലും. അതു കൊണ്ട് നിങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയും എന്നുറപ്പുള്ള സ്വപ്‌നങ്ങൾ മാത്രം ജനങ്ങൾക്ക് നൽകണം," ഗഡ്കരി പറഞ്ഞു.  

നൽകിയ വാഗ്ദാനങ്ങൾ താൻ നൂറു ശതമാനവും നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊള്ളയായ  വാഗ്ദാനങ്ങൾ നൽകിയാണ് 2014ൽ ബി.ജെ.പി ഭരണത്തിൽ വന്നതെന്ന് ഗഡ്കരി മുൻപ് പറഞ്ഞത് വിവാദമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയാണ് ഗഡ്കരിയുടെ പ്രസ്താവനയെന്ന ആരോപണം ബിജെപി നിഷേധിച്ചു. 

Similar News