ഖത്തര്‍ വീസ അപേക്ഷ ലളിതമാക്കുന്നു
ഖത്തറിലേക്കുള്ള എല്ലാ തരം ടൂറിസം, ബിസിനസ് വീസകളും ഏകീകരിച്ചാണ് ഹയ്യാ പ്ലാറ്റ്‌ഫോം വിപുലീകരിച്ചത്
ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നതിനായി ഹയ്യാ പ്ലാറ്റ്‌ഫോം വിപുലീകരിച്ച് 2023 ലെ അറബ് ടൂറിസം തലസ്ഥാനമായ ദോഹ. ഖത്തറിലേക്കുള്ള എല്ലാ തരം ടൂറിസം, ബിസിനസ് വീസകളും ഏകീകരിച്ചാണ് ഹയ്യാ പ്ലാറ്റ്‌ഫോം വിപുലീകരിച്ചത്.
വീസ പ്രക്രിയകള്‍ ഏകീകരിക്കും
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിനിടെ പത്ത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ച ഹയ്യ പ്ലാറ്റ്‌ഫോമിന്റെ സമാരംഭവും സ്മാര്‍ട്ട്‌ഫോണുകള്‍ വഴിയുള്ള ആപ്ലിക്കേഷനും ഖത്തറിലേക്കുള്ള വീസ നേടുന്നതിന് വിനോദസഞ്ചാരികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള ഏക പോര്‍ട്ടലായി മാറും. ഇത് വിനോദസഞ്ചാരികള്‍, ജിസിസി (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) നിവാസികള്‍, ജിസിസി പൗരന്മാര്‍, കൂടെ യാത്ര ചെയ്യുന്നവര്‍ മുതലായവരുടെ വീസ പ്രക്രിയകള്‍ ഏകീകരിക്കും.
അപേക്ഷിക്കാം ഇങ്ങനെ
ഖത്തറിലേക്ക് പ്രവേശിക്കാന്‍ വീസ ആവശ്യമുള്ള വിനോദസഞ്ചാരികള്‍ക്ക് www.hayya.qa എന്നതിലെ ഹയ്യ പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കില്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷിക്കാം. കൂടാതെ ഹയ്യ ഹോള്‍ഡര്‍മാര്‍ക്ക് തടസ്സമില്ലാത്ത യാത്രയും ഖത്തറിലേക്കുള്ള കണക്റ്റിവിറ്റിയും ആസ്വദിക്കാനാകും. ഹയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് പ്രവേശനവും സാധ്യമാക്കുന്നു.
അബു സമ്ര അതിര്‍ത്തിയിലെ കരമാര്‍ഗം ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഹയ്യ പ്ലാറ്റ്‌ഫോം വാഹനങ്ങള്‍ക്ക് വേഗത്തില്‍ പ്രവേശിക്കുന്നതിനുള്ള ഒരു പ്രീ-രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ നല്‍കും.ജിസിസി പൗരന്മാര്‍ക്ക്, സഹയാത്രികര്‍ക്ക് പ്രവേശന പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന്‍ ഹയ്യ പ്ലാറ്റ്ഫോം നല്‍കുന്നു. മാപ്പുകള്‍, ഗതാഗത ഓപ്ഷനുകള്‍, ഓഫറുകള്‍, നിലവിലെ ഇവന്റുകള്‍ എന്നിവയുള്‍പ്പെടെ സന്ദര്‍ശകരുടെ താമസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന കൂടുതല്‍ സേവനങ്ങളും ഹയ്യ പ്ലാറ്റ്ഫോം നല്‍കുന്നു.