സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഖത്തര്‍, പ്രവാസികളെ എങ്ങനെ ബാധിക്കും?

ആറുമാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും

Update:2024-09-03 16:29 IST

Image courtesy: canva

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ പുതിയ നിയമം പ്രഖ്യാപിച്ച് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട് ആറുമാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും. ഖത്തറികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ സുരക്ഷിതത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമം മലയാളികള്‍ അടക്കമുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
സ്വകാര്യ മേഖലയില്‍ ഖത്തറികള്‍ക്ക് കൂടുതല്‍ തൊഴിലവസരവും പരിശീലനവും ഉറപ്പാക്കുക, ഖത്തറിലെ മനുഷ്യവിഭവശേഷി കൂടുതലായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി രൂപീകരിച്ച വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിക്ഷേപ-വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഖത്തറികള്‍ക്ക് അവസരം നല്‍കിയുമാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്തെ പൗരന്മാരെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വരുന്നത് വലിയ മാറ്റം

പുതിയ നിയമം ഖത്തറിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വ്യക്തികളുടെ ഉടമസ്ഥതയില്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങള്‍, എന്‍.ജി.ഒകള്‍, കായിക സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. വലിപ്പം, തൊഴിലാളികളുടെ എണ്ണം, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് കമ്പനികളെ തരംതിരിച്ച ശേഷം കൃത്യമായ പദ്ധതിയുണ്ടാക്കിയ ശേഷമാകും സ്വദേശിവത്കരണം നടപ്പിലാക്കുക. സ്വകാര്യമേഖലയിലേക്ക് കടന്നുവരുന്ന സ്വദേശികള്‍ക്ക് വിദ്യാഭ്യാസ കാലം മുതല്‍ ഇന്‍സെന്റീവും സഹായങ്ങളും നല്‍കും.

പ്രവാസികളെ എങ്ങനെ ബാധിക്കും

അതേസമയം, തീരുമാനം മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആളോഹരി വരുമാനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഖത്തറില്‍ ഉയര്‍ന്ന ജോലികള്‍ക്ക് മാത്രമാകും സ്വദേശികളെ നിയമിക്കുകയെന്നാണ് പ്രതീക്ഷ. ഉയര്‍ന്ന വരുമാനക്കാരായ പ്രവാസികളെ ഒരു പക്ഷേ ഈ തീരുമാനം ബാധിച്ചേക്കാം.
ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. 0.1 ശതമാനമാണ് ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക്. അതുകൊണ്ട് തന്നെ മലയാളികള്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്ന സെയില്‍സ്, ഹെല്‍ത്ത്, ഹോസ്പിറ്റിലാറ്റി, റീട്ടെയില്‍, അവിദഗ്ധ തൊഴിലുകള്‍ എന്നിവയില്‍ വലിയ മത്സരം ഉണ്ടാകാനിടയില്ലെന്നും വിലയിരുത്തലുണ്ട്.
Tags:    

Similar News