ഭാരതപ്പുഴ കടക്കാൻ ഇരട്ടപ്പാലം വരുന്നു; 42 കോടി വകയിരുത്തി റെയിൽവേ

സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്നു

Update:2024-07-19 12:47 IST

Representational Image : Canva

ഷോര്‍ണൂര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ യാത്രക്കാര്‍ സ്ഥിരമായി പറയുന്ന പരാതിയാണ് ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ. വള്ളത്തോൾ നഗറിലും ഷൊർണൂരിലും ഭൂരിഭാഗം ട്രെയിനുകളും പിടിച്ചിടാറുണ്ട്. സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഏറ്റവുമധികം സമയ നഷ്ടം ഈ മേഖലയിലാണ് സംഭവിക്കുന്നത്.

 വരുന്നത് ഇരട്ടപ്പാതയുള്ള പാലം

പാതയുണ്ടെങ്കിലും നിലവില്‍ ഒരു ട്രെയിന്‍ പോയ ശേഷം മാത്രമാണ് അടുത്ത ട്രെയിന് കടന്നു പോകാൻ സാധിക്കുക. സമയം എടുത്താണ് ഈ മേഖലയിലൂടെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത് എന്ന പരാതികളും സജീവമാണ്. വള്ളത്തോൾ നഗർ-ഷൊർണൂർ സ്റ്റേഷനുകൾ തമ്മിലുളള ദൂരം നാലു കിലോമീറ്റര്‍ മാത്രമാണ് എങ്കിലും 10 മിനിറ്റ് എങ്കിലും വേണം ഈ മേഖല മറികടക്കാന്‍.
ഇതിനു പരിഹാരം എന്ന നിലയിലാണ് ഭാരതപ്പുഴയിൽ ഇരട്ടപ്പാതയുള്ള പാലം നിർമിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. 42 കോടി രൂപയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റെയിൽവേ കണക്കാക്കിയിരിക്കുന്നത്. ഭാരതപ്പുഴയിൽ നിലവിലുളള പാലത്തിന് സമീപം തന്നെയാണ് പുതിയ പാലം നിര്‍മിക്കുക. ഒറ്റപ്പാലത്തിൽ രണ്ടുവശത്തേക്കുമായി ട്രാക്കുകള്‍ പുതിയ പാലത്തില്‍ ഉണ്ടാകും.
പാതയുടെ സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്നു. വളവുകളും ചെരിവുകളും ഒഴിവാക്കി ജനവാസ പ്രദേശങ്ങളിൽ ഭൂമിയേറ്റെടുക്കുമ്പോള്‍ ഉളള പ്രതിഷേധങ്ങള്‍ പരമാവധി ഇല്ലാതാക്കിയുളള നടപടികളാണ് നടക്കുന്നത്.
Tags:    

Similar News