കേരളത്തിലെ പ്രതിദിന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാസഞ്ചർ ട്രെയിനുകൾ മെമുവാക്കി മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കി റെയിൽവേ
നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളാക്കി (മെമു) മാറ്റുന്നതിനുളള നടപടികൾ ദക്ഷിണ റെയിൽവേ വേഗത്തിലാക്കി. ഈ മാറ്റം പ്രാബല്യത്തിൽ ആകുന്നതോടെ പ്രതിദിന യാത്രക്കാരുടെ ദുരിതം ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിക്കാരായ സ്ത്രീകള്‍ അടക്കമുളള യാത്രക്കാര്‍ തിക്കും തിരക്കും കാരണം ട്രെയിനുകളില്‍ ബോധം കെട്ടു വീഴുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
ട്രെയിനുകളില്‍ വലിയ തിരക്ക്
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്നതിനാൽ മുമ്പ് ബസുകളെ ആശ്രയിച്ചിരുന്ന ജോലിക്കാരായ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോള്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്.
കേരളത്തില്‍ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റെയിൽവേ അടുത്തിടെ നടത്തിയ ഒരു സർവേയില്‍ കണ്ടെത്തിയിരുന്നു.
നിലവിൽ 20 പാസഞ്ചർ ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. 2019ൽ തന്നെ പാസഞ്ചർ ട്രെയിൻ സർവീസുകൾ മെമു ആക്കാനുള്ള തീരുമാനം തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പരിഗണനയിലുണ്ട്.
തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള ഏക അറ്റകുറ്റപ്പണി കേന്ദ്രമായ കൊല്ലം ജില്ലയിലെ മെമു ഷെഡ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ നടപടികൾ ആരംഭിച്ചു. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള ഒലവക്കോട് മെമു യാർഡിലും മെമുവിന് മെയിന്റനൻസ് ഷെഡ് ഉണ്ട്.
മെമുവിന്റെ പ്രത്യേകതകള്‍
ഒരു പ്രത്യേക എഞ്ചിന് പകരം രണ്ട് അറ്റത്തും ട്രാക്ഷൻ മോട്ടോർ യൂണിറ്റുകൾ ഉളളതാണ് മെമുവിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ട്രെയിനിന്റെ മടക്കയാത്രയിൽ എൻജിൻ മാറ്റി കൊണ്ടുവന്ന് പരിശോധിക്കുന്ന കാലതാമസം എടുക്കില്ല. മെമുവിന് പെട്ടെന്ന് വേഗത കൈവരിക്കാനും വലിയ സാങ്കേതിക പ്രശ്നങ്ങള്‍ കൂടാതെ സ്റ്റേഷനുകളിൽ നിർത്താനും കഴിയും.
കേരളത്തിലെ ലോക്കല്‍ ട്രെയിനുകളില്‍ ഇപ്പോള്‍ തിരക്ക് വര്‍ധിച്ച് മുംബൈ പോലുള്ള വൻ നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലെ തിരക്കിന് സമാനമായിരിക്കുകയാണ്. മുംബൈ പോലുള്ള നഗരങ്ങളില്‍ സബർബൻ ലൈനുകളിലാണ് മെമു പ്രവർത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രധാന ലൈനുകളിൽ തന്നെയാണ് മെമുവും സര്‍വീസ് നടത്തുന്നത്.