ഒടുവില്‍ 'കൊവിഡ്' ഹാങ്ങോവര്‍ ഒഴിവാക്കി റെയില്‍വേ; പാസഞ്ചര്‍, മെമു ടിക്കറ്റ്‌നിരക്ക് ഇനി പഴയപടി
കേരളത്തില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും; നിരക്ക് കുറയ്ക്കുന്നത് 45-50% വരെ
കൊവിഡ് കാലത്ത് പാസഞ്ചര്‍, മെമു ട്രെയിനുകളെ 'അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍' എന്ന ചെല്ലപ്പേരിട്ട് വിളിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ റെയില്‍വേ, കൊവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൂട്ടിയ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. എം.പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരം ചെലുത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിരക്കുകള്‍ കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമ്മതം മൂളിയിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്.
കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് നിരക്കുകള്‍ മാറ്റിക്കഴിഞ്ഞു. ഉദാഹരണത്തിന്, ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്ക് മെമു എക്‌സ്പ്രസ് സ്‌പെഷ്യലിന് കഴിഞ്ഞദിവസം വരെ നിരക്ക് 70 രൂപയായിരുന്നത് ഇപ്പോള്‍ 35 രൂപയായിട്ടുണ്ട്.
കേരളത്തിലും ഉടന്‍
കേരളത്തിലെ റെയില്‍വേയെ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകളില്‍ ഇതുവരെ ടിക്കറ്റ് നിരക്ക് കുറച്ചത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിരക്ക് കുറയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റെയില്‍വേയുടെ കൊമേഴ്‌സ്യല്‍ വിഭാഗം കമ്പ്യൂട്ടര്‍ സംവിധാനത്തിലും യു.ടി.എസ് മൊബൈല്‍ ആപ്പിലും പുതുക്കിയ നിരക്കുകള്‍ വന്നിട്ടുണ്ടെന്നാണ് സൂചനകള്‍. പാസഞ്ചര്‍, മെമു യാത്രാ ടിക്കറ്റ് നിരക്ക് മാത്രമാണ് കുറയ്ക്കുന്നത്. സാധാരണ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് അടക്കമുള്ള മറ്റ് സര്‍വീസുകളിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.
വലിയ ആശ്വാസം
കൊവിഡ് ലോക്ക്ഡൗണില്‍ റെയില്‍വേ പാസഞ്ചര്‍, മെമു സര്‍വീസുകള്‍ നിറുത്തിവച്ചിരുന്നു. പിന്നീട് സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഇവയെ എക്‌സ്പ്രസ് സ്‌പെഷ്യലാക്കുകയായിരുന്നു റെയില്‍വേ. ഓട്ടം പാസഞ്ചറായി തന്നെയായിരുന്നെങ്കിലും 'എക്‌സ്പ്രസ്' എന്ന പേരില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായി കൂട്ടുകയായിരുന്നു. പത്ത് രൂപയായിരുന്ന മിനിമം നിരക്ക് ഇതോടെ 30 രൂപയാക്കി. ഇത്തരത്തില്‍ കൂട്ടിയ നിരക്കാണ് ഇപ്പോള്‍ 45-50 ശതമാനം വെട്ടിക്കുറയ്ക്കുന്നതെന്നത് റെയില്‍വേയെ സ്ഥിരം ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമാണ്.
പാസഞ്ചര്‍, മെമു ട്രെയിനുകളെ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനുകളാക്കി നിരക്ക് കൂട്ടിയപ്പോള്‍ റെയില്‍വേയുടെ വരുമാനവും കുതിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണ റെയില്‍വേയുടെ മാത്രം വരുമാനം 80 ശതമാനം ഉയര്‍ന്ന് 6,345 കോടി രൂപയായെന്നാണ് വിലയിരുത്തല്‍.