കാലവര്‍ഷം അടുത്ത 4 ദിവസങ്ങളില്‍ ശക്തമാകും
ജൂലൈയില്‍ രാജ്യത്ത് മൊത്തത്തിലുള്ള മണ്‍സൂണ്‍ സാധാരണ രീതിയിൽ ലഭിക്കും
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 2,3,4 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 3,4 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കടലാക്രമണത്തിനു സാധ്യതുള്ളതിനാല്‍ കടലില്‍ പോകുന്നതിനു മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്ക് തുടരുകയാണ്.
ഓറഞ്ച് അലര്‍ട്ട്, 204.4 മില്ലിമീറ്റര്‍ വരെ മഴ
ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ജൂലൈയില്‍ രാജ്യത്ത് സാധാരണ മഴ
അടുത്ത ദിവസം കേരളത്തില്‍ മഴ കനക്കുമെന്ന് പ്രവചിക്കുമ്പോഴും ജൂലൈയില്‍ രാജ്യത്ത് മൊത്തത്തിലുള്ള മണ്‍സൂണ്‍ 94% മുതല്‍ 106% വരെ സാധാരണ രീതിയില്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഖാരിഫ് വിളകളായ നെല്ല്, ചോളം, പയര്‍വര്‍ഗങ്ങളുടെ വിതയ്ക്കല്‍ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലുമെല്ലാം ഈ മാസം സാധാരണ മഴ ലഭിക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാറിന്റെ ചില ഭാഗങ്ങള്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ചില പ്രദേശങ്ങളില്‍ സാധാരണയിലും താഴെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കും.