ലോക്ഡൗണ്‍ എത്രയും വേഗം നീക്കണം: രാജീവ് ബജാജ്

Update: 2020-05-20 11:59 GMT

വിപണിയിലെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ കാര്യക്ഷമമായ നടപടികളില്ലാതെ സപ്ലൈ മേഖലയുടെ ഉത്തേജനത്തിനുള്ള യത്‌നം കൊണ്ട് മാത്രം സാമ്പത്തിക മേഖല ഉണരില്ലെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ലോക്ഡൗണ്‍ വളരെ കഠിനമായിപ്പോയെന്ന് രാജീവ് ബജാജ് പറഞ്ഞു. അത് എത്രയും വേഗം എടുത്തുമാറ്റണം. 20 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാവരുടെയും സ്വതന്ത്ര സഞ്ചാരം സാധ്യമാകണം.സമ്പദ്വ്യവസ്ഥയ്ക്കു പുനര്‍ജീവനുണ്ടാകാന്‍ അതാവശ്യമാണ്. മരണ നിരക്ക് ഏറ്റവും കുറച്ച് കൊറോണ അണുബാധ കടന്നു പോകുന്നുവെന്നുറപ്പാക്കുകയാണ് പ്രധാന കാര്യം.അതിനായി അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കുക, ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നീ കാര്യങ്ങളിലാണ് ഊന്നലുണ്ടാകേണ്ടത്.

ബിസിനസ് മേഖലയില്‍ ഹ്രസ്വകാലത്തേക്കാണെങ്കിലും നാടകീയമായ ജിഎസ്ടി കുറയ്ക്കല്‍ പോലുള്ള ധീരമായ നീക്കം ഉപഭോക്തൃ വികാരമുണര്‍ത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.ഉത്തേജനം സാധ്യമാക്കാനുള്ള അവസരം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്-രാജീവ് ബജാജ് നിരീക്ഷിച്ചു.ലോക്ഡൗണ്‍ അതിന്റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റി എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ ലക്ഷ്യമിട്ട തരത്തിലുള്ള ലോക്ഡൗണ്‍ മനുഷ്യപരമായി അസാധ്യമാണ്. അതു കഴിഞ്ഞാലുടനെ വൈറസ് വ്യാപകമാകും. അതാണ് നാം ഇതിനകം കണ്ടുകൊണ്ടിരിക്കുന്നത്. ജീവിതവും ഉപജീവനവും തകരാറിലായെന്നതാണ് ആത്യന്തിക ഫലം.
.
സോണുകള്‍ പരിഗണിക്കാതെ ആരോഗ്യമുള്ള 20 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള എല്ലാവര്‍ക്കും യാത്രാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയാണ് എത്രയും വേഗം വേണ്ടത്.ഹോട്ടലുകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെ തുറക്കാന്‍ അനുവദിച്ച് സമ്പദ്വ്യവസ്ഥയെ വീണ്ടും ചലിപ്പിക്കണം. വാക്‌സിന്‍ അകലെയാണെങ്കിലും അത് പ്രശ്‌നമാക്കേണ്ടതില്ല. വീണുപോയവര്‍ക്കായി കരയുക, കഷ്ടപ്പെടുന്നവര്‍ക്ക് തുണയേകുക, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക. എംഎസ്എംഇകള്‍ക്ക് പ്രത്യേക പിന്തുണ ആവശ്യമാണ്. ജനങ്ങളുടെ ജീവിതം അശ്രദ്ധമായി നശിപ്പിച്ചതിന് മുഴുവന്‍ രാജ്യത്തോടും ഖേദം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ബജാജ് അഭിപ്രായപ്പെട്ടു.

വൈറസ് ബാധയും രോഗവിമുക്തിയും മരണ നിരക്കും സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ അടിമുടി തെറ്റാണെന്ന് രാജീവ് ബജാജ് ചൂണ്ടിക്കാട്ടുന്നു.ഒരു ലക്ഷം പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ പറയുമ്പോള്‍ അത്രയും പേര്‍ പൂനെയില്‍ മാത്രം രോഗികളാണെന്നതാണ് വസ്തുത. അതേസമയം മരണ നിരക്ക് 3 ശതമാനമെന്നാണു സര്‍ക്കാര്‍ കണക്ക് ; യഥാര്‍ത്ഥത്തില്‍ 0.3% ഉണ്ടാകാനേ സാധ്യതയുള്ളൂ.പ്രതിസന്ധിയെ മഹാരാഷ്ട്ര നേരിട്ട രീതിയില്‍ താന്‍ സന്തുഷ്ടനല്ല. നേതൃത്വത്തിന്റെ പ്രതിസന്ധിയിലാണ് വൈറസ് വളരുന്നതെന്നു തെളിഞ്ഞു. അതുകൊണ്ടാണ് കേരളത്തിലോ ഡല്‍ഹിയിലോ പോലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയില്‍ കഴിയാതെ പോയതെന്ന് ബജാജ് കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News