കേരളത്തിന്റെ ടൂറിസം, വ്യവസായ രംഗത്തിന് കുതിപ്പേകിയ സംരംഭകന്‍; രത്തന്‍ ടാറ്റയുടെ മലയാളി ബന്ധം ചെറുതല്ല

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ തുടക്കകാലത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലൂടെ (ടി.സി.എസ്) ടാറ്റ ഗ്രൂപ്പ് അവിടെയും രക്ഷയ്‌ക്കൊത്തി

Update:2024-10-11 11:54 IST
രത്തന്‍ ടാറ്റയുടെ നിര്യാണം ഇന്ത്യന്‍ ബിസിനസ് ലോകത്ത് മാത്രമല്ല സാധാരണക്കാരുടെ ഇടയിലും വലിയ വേദനയാണ് സൃഷ്ടിച്ചത്. ലോകമെങ്ങും പടര്‍ന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും കേരളത്തോട് രത്തന്‍ ടാറ്റയ്ക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കുട്ടിക്കാലത്ത് പിതാവിന്റെ കൈപിടിച്ച് കേരളത്തിലേക്ക് അവധിക്കാലം ആഘോഷിക്കാനെത്തിയ നിമിഷങ്ങള്‍ പലപ്പോഴും അദ്ദേഹം പൊതുവേദികളില്‍ പങ്കുവച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ആദ്യകാല ബിസിനസുകളിലൊന്നിന്റെ തുടക്കം കൊച്ചിയിലായിരുന്നു.
കൊച്ചിയിലെ ടാറ്റപുരത്ത് രത്തന്റെ പിതാവ് നവല്‍ ടാറ്റ സ്ഥാപിച്ച ടാറ്റ ഓയില്‍ മില്‍സ് (ടോംകോ) കേരളത്തിലെ ആദ്യകാല വ്യവസായ സംരംഭങ്ങളിലൊന്നായിരുന്നു. കൊച്ചി മഹാരാജാവ് അനുവദിച്ച സ്ഥലത്തായിരുന്നു ടാറ്റ ഓയില്‍മില്‍സ് സ്ഥാപിക്കുന്നത്. ഹമാം എന്ന പേരില്‍ 1931ല്‍ ഇവിടെ നിന്ന് ടാറ്റയുടെ സോപ്പ് പുറത്തിറങ്ങി.
ഹമാം സോപ്പിനൊപ്പം കമ്പനി പുറത്തിറക്കിയ 501 ബാര്‍സോപ്പും വലിയ വില്പനയുള്ള ഉത്പന്നമായിരുന്നു. ഒരുകാലത്ത് 2000ത്തിലേറെ തൊഴിലാളികള്‍ ഈ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. 1995ല്‍ കമ്പനി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു. അന്ന് ടാറ്റയുടെ കൈവശമിരുന്ന ഭൂമിയിലാണ് ടാറ്റ ഗ്രീന്‍ ഏക്കേഴ്‌സ് എന്ന പേരില്‍ ഭവന പ്രോജക്ട് നടപ്പാക്കിയത്.

കേരള ടൂറിസത്തിലും ഐ.ടിയിലും ടാറ്റയുടെ കൈയൊപ്പ്

കേരളത്തില്‍ ടൂറിസം അധികം വേരുപിടിക്കാത്ത 80കളിലാണ് ടാറ്റ ഗ്രൂപ്പ് കേരളത്തിലേക്ക് എത്തുന്നത്. ടാറ്റയുടെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടക്കത്തില്‍ കെ.ടി.ഡി.സിയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചത്. ഇത് വിജയകരമായതോടെ താജ് ഗ്രൂപ്പ് കേരളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ നടപ്പിലാക്കി. ആരും കേരളത്തിലെ ടൂറിസം രംഗത്ത് നിക്ഷേപമിറക്കാന്‍ തയാറാകാതിരുന്ന കാലത്ത് അങ്ങനെ വഴികാട്ടിയാകാനും ടാറ്റ ഗ്രൂപ്പിനായി.
കേരളത്തിന്റെ ഐ.ടി രംഗത്ത് വലിയ കുതിപ്പുണ്ടാക്കിയ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ തുടക്കകാലത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലൂടെ (ടി.സി.എസ്) ടാറ്റ ഗ്രൂപ്പ് അവിടെയും രക്ഷയ്‌ക്കെത്തി. പല ഐ.ടി കമ്പനികളും കേരളത്തിലേക്ക് വരാന്‍ മടിച്ച സന്ദര്‍ഭത്തിലാണ് ടെക്കികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം ടി.സി.എസ് ടെക്‌നോ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്.
മൂന്നാറിനോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്ന രത്തന്‍ ടാറ്റ അവസാനമായി അവിടെയെത്തുന്നത് 2009ലാണ്. ടാറ്റ സ്‌കൂളിന്റെ രജതജൂബിലി ആഘോഷിക്കാനായിരുന്നു അത്. പ്രകൃതിയോട് ക്രൂരമായി പെരുമാറുന്ന മൂന്നാറിലെ വികസനരീതികളില്‍ അദ്ദേഹം പലപ്പോഴും ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Similar News