ദേശ വിരുദ്ധമല്ല, ആര്‍ബിഐ നിരക്ക് വര്‍ധനവ് ആവശ്യം: രഘുറാം രാജന്‍

ആര്‍ബിഐ നടപടി സാമ്പത്തിക സ്ഥിരതയ്ക്ക് വേണ്ടിയെന്നും മുന്‍ ഗവര്‍ണര്‍

Update: 2022-04-26 07:07 GMT

പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍, ആര്‍ബിഐയ്ക്ക് (RBI) പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് രഘുറാം രാജന്‍. ആഗോള തലത്തില്‍ മറ്റ് കേന്ദ്ര ബാങ്കുകളും ഇതേ രീതിയില്‍ നിരക്കുകള്‍ ഉയര്‍ത്തുന്നുണ്ടെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ (Raghuram Rajan) പറഞ്ഞു.

നിരക്കുകള്‍ ഉയര്‍ത്തുന്നത്, വിദേശ നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുന്ന ദേശവിരുദ്ധ നയമല്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയവ പലിശ നിരക്ക് ഉയര്‍ത്തിയതും മുന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയായിരുന്നു ആര്‍ബിഐ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച രഘുറാം രാജന്റെ പ്രതികരണം.

2013ല്‍ പണപ്പെരുപ്പം 9.5 ശതമാനം ആയിരുന്നപ്പോള്‍ റീപോ റേറ്റ് 7.25 ല്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. പിന്നീട് പണപ്പെരുപ്പം നിയന്ത്രണ വിധേയമായ ശേഷം അന്ന് റീപോ റേറ്റ് 6.5 ശതമാനത്തിലേക്ക് കുറച്ചിരുന്നു.

രാജ്യത്തെ പണപ്പെരുപ്പം 7.5 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കും. ജൂണ്‍ എട്ടിനാണ് ആര്‍ബിഐയുടെ നയപ്രഖ്യാപനം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിലവില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഫെബ്രുവരിയില്‍ 6.07 ശതമാനം ആയിരുന്ന പണപ്പെരുപ്പം ആണ് മാര്‍ച്ചില്‍ 6.95 ശതമാനത്തില്‍ എത്തിയത്. പശ്ചാത്തലത്തില്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം റിപ്പോ റേറ്റ് ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്. അതുകൊണ്ട് തന്നെ റീപോ റേറ്റ് ഉയരുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്കും ഉയരും.

Tags:    

Similar News