ക്രെഡിറ്റ് സ്‌കോര്‍ നിയമങ്ങളില്‍ അടിമുടി മാറ്റം, കടുപ്പിച്ച് റിസര്‍വ് ബാങ്ക്

വായ്പദാതാക്കള്‍ 15 ദിവസത്തിനുള്ളില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോഡുകള്‍ അപ്‌ഡേറ്റ് ചെയ്യണം;

Update:2025-01-07 17:12 IST

Image Courtesy: canva

വ്യക്തിഗത വായ്പകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമങ്ങളില്‍ കര്‍ശന മാറ്റവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആര്‍.ബി.ഐ പുതിയ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. പുതിയ സര്‍ക്കുലര്‍ പ്രകാരം മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ അക്കാര്യം ഉപയോക്താവിനെ അറിയിക്കാണം.

എസ്.എം.എസ്, ഇമെയില്‍ വഴിയോ ആകണം ഇത്തരത്തില്‍ അറിയിക്കേണ്ടത്. ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച പരാതി പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം ഉപയോക്താവിന് നല്‍കാനും ആര്‍.ബി.ഐ ഉത്തരവില്‍ പറയുന്നു. കാലതാമസം വരുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പരാതിക്കാരന് നല്‍കണം.

മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഗുണകരം

വായ്പദാതാക്കള്‍ 15 ദിവസത്തിനുള്ളില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോഡുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതു നിര്‍ബന്ധമാണ്. നിലവില്‍ മാസത്തില്‍ ഒരിക്കലായിരുന്നു ക്രെഡിറ്റ് സ്‌കോര്‍ നിയമങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നത്. ഈ രീതിയാണ് മാറുന്നത്.

300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയിലാണ് ക്രെഡിറ്റ് സ്‌കോര്‍ അളക്കുന്നത്. ഇതില്‍ 700നു മുകളിലുള്ള സ്‌കോറുകള്‍ മികച്ചതായിട്ടാണ് കണക്കാക്കുന്നത്. ഈ സ്‌കോറുകള്‍ ഉള്ളവര്‍ക്ക് ലോണ്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മടിയുണ്ടാകില്ല. ഒരു വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ നേര്‍ചിത്രമെന്ന് ക്രെഡിറ്റ് സ്‌കോറിനെ വിശേഷിപ്പിക്കാം.

ഇ.എം.ഐ നിര്‍ണായകം

നിങ്ങള്‍ ഇ.എം.ഐയില്‍ ഒരു സാധനം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ് മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഒരു ദിവസം എങ്കിലും ഇ.എം.ഐയ്ക്ക് മുടക്കം വന്നാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. നിങ്ങളുടെ സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ടില്‍ തിരിച്ചടവിലെ ഈ വൈകല്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇ.എം.ഐ അടവുള്ള സമയങ്ങളില്‍ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനുള്ള ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
Tags:    

Similar News