മദ്യം വില്‍ക്കുന്നതിലും ലാഭം ക്രിക്കറ്റ് ടീം; യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഖജനവ് നിറച്ചു കോഹ്‌ലിയും സംഘവും!
കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,724 കോടി രൂപയായിരുന്നു യു.എസ്.എല്ലിന്റെ ആകെ വിറ്റുവരവ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുന്‍നിര ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 222 കോടി രൂപയുടെ അറ്റലാഭം. പ്രമുഖ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 2024 സാമ്പത്തികവര്‍ഷം 650 കോടി രൂപയുടെ വരുമാനമാണ് ആര്‍.സി.ബി നേടിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 163 ശതമാനം കൂടുതല്‍.
യുണൈറ്റഡ് സ്പിരിറ്റിന്റെ ലാഭക്കണക്കില്‍ ആര്‍.സി.ബിയുടെ സംഭാവന 16 ശതമാനമായി ഉയര്‍ന്നു. കമ്പനിയുടെ കീഴില്‍ 63 മദ്യ ബ്രാന്‍ഡുകളാണുള്ളത്. മാതൃകമ്പനിയുടെ ഒട്ടുമിക്ക ബ്രാന്‍ഡുകളെയും പിന്തള്ളി ലാഭത്തില്‍ ക്രിക്കറ്റ് ടീം കൂടുതല്‍ വിഹിതം സംഭാവന ചെയ്യുന്നതിനാണ് 2023-24 സാമ്പത്തികവര്‍ഷം സാക്ഷ്യം വഹിച്ചത്. ഭാവിയില്‍ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള വരുമാനവും ലാഭവും ഉയരുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്
ഒരു വര്‍ഷം മുമ്പ് 15 കോടി രൂപയായിരുന്നു ആര്‍.സി.ബിയുടെ നഷ്ടം. ഐ.പി.എല്ലിന്റെ ഉടമസ്ഥരായ ബി.സി.സി.ഐയില്‍ നിന്നുള്ള വിഹിതം കൂടിയതാണ് കഴിഞ്ഞ സീസണില്‍ വരുമാനം കുത്തനെ കൂടാന്‍ കാരണം. ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡെന്ന നിലയില്‍ ഐ.പി.എല്‍ വളര്‍ന്നതോടെ അടുത്ത സീസണുകളില്‍ ക്രിക്കറ്റില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്നാണ് യുണൈറ്റഡ് സ്പിരിറ്റിന്റെ കണക്കുകൂട്ടല്‍.
2008ല്‍ വിജയ് മല്യ 111.6 മില്യണ്‍ ഡോളറിനാണ് റോയല്‍ ചലഞ്ചേഴ്‌സിനെ സ്വന്തമാക്കുന്നത്. നിലവില്‍ വനിതാ പ്രീമിയര്‍ ലീഗിലും ഫ്രാഞ്ചൈസിക്ക് സ്വന്തമായി ടീമുണ്ട്. മദ്യ വില്പന വര്‍ധിപ്പിക്കാന്‍ ആര്‍.സി.ബിയെന്ന ബ്രാന്‍ഡ് കമ്പനി ഉപയോഗിക്കുന്നുണ്ട്.
2023-24 സാമ്പത്തികവര്‍ഷം യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മൊത്തം വരുമാനം 11,321 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 709 കോടി രൂപ കൂടുതല്‍. അറ്റലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 282 കോടി രൂപ വര്‍ധിച്ച് 1,408 കോടി രൂപയായി ഉയര്‍ന്നു.