മുന്നറിയിപ്പുകള്‍ ഗൗനിച്ചില്ല, മുന്‍കരുതലുകളെടുത്തില്ല; ദുരന്തം കാത്തു നിന്നില്ല
പ്രാദേശിക ഭരണകൂടങ്ങള്‍ പ്രതികൂട്ടില്‍
വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഉത്തരവാദി പ്രകൃതി മാത്രമാണോ? ഉരുള്‍പൊട്ടലുകള്‍ പുതിയതല്ലാത്ത വയനാട് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതിന് ജില്ലാ ഭരണകൂടത്തിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അലംഭാവം കൂടി കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദിവസങ്ങളായി ഇവിടെ മഴ പെയ്യുന്നുണ്ട്. ഉരുള്‍പൊട്ടലിനുള്ള സാധ്യകളെല്ലാം ഉയര്‍ന്നു വന്നിരുന്നു. എന്നിട്ടും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള മുന്‍കരുതലുകളോ കര്‍ശന നടപടികളോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കുറച്ചു നാളുകളായി ഈ പ്രദേശത്ത് കനത്ത മഴയുടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദുരന്തസാധ്യത കൂടിയ പ്രദേശം
മേപ്പാടിക്കടുത്തുള്ള മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ പാരിസ്ഥിതികമായി ഏറെ ദുര്‍ബലമായ പ്രദേശമാണ്. മണ്‍സൂണില്‍ മഴ ശക്തമായാല്‍ ഉരുള്‍പൊട്ടലിന് സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായ ദുരന്തസാധ്യതക്കൊപ്പം ഈ പ്രദേശങ്ങളിലുണ്ടായ മനുഷ്യ ഇടപെടലുകളും ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണെന്നും പശ്ചിമഘട്ടത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക ഭരണകൂടങ്ങള്‍ പ്രതികൂട്ടില്‍
ദേശീയ കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ മഴ മുന്നയിപ്പുകളുണ്ടായിട്ടും മുന്‍കരുതലുകള്‍ എടുക്കാത്തതില്‍ സംസ്ഥാന അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും പരസ്പരം പഴിചാരുകയാണിപ്പോള്‍. പ്രദേശത്തെ അപകടാവസ്ഥ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കേണ്ടത് പഞ്ചായത്ത് ഭരണാധികാരികളാണെന്ന വാദം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. ദിവസങ്ങളോളം മഴ നിര്‍ത്താതെ പെയ്യുമ്പോള്‍ ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിക്കുമെന്ന കഴിഞ്ഞ കാല അനുഭവങ്ങള്‍ മുന്നിലുണ്ട്. ഇത് പരിഗണിക്കാതെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തയ്യാറാകാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിമര്‍ശനമുയരുന്നത്.