ഒടുവില്‍ ട്രംപ് ട്വിറ്ററിലേക്ക്..? മസ്‌കിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മസ്‌കിന്റെ നീക്കം. ട്രംപിന്റെ തിരിച്ചുവരവ്‌ പരസ്യവിപണിയില്‍ ട്വിറ്ററിന് തിരിച്ചടിയായേക്കും

Update: 2022-11-19 06:11 GMT

കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ട്വിറ്ററില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞതിനെ തുടര്‍ന്ന് 1200ഓളം പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ട്വിറ്റര്‍ അസാധാരണ പ്രതിസന്ധി നേരിടുന്ന സമയത്താണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിന്‍ തിരിച്ചെത്തിക്കാനുള്ള മസ്‌കിന്റെ ശ്രമം. ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണോ എന്ന ചോദ്യവുമായി ഇലോണ്‍ മസ്‌ക് ആരംഭിച്ച പോള്‍ ട്വിറ്ററില്‍ തുടരുകയാണ്.


നിലവില്‍ 18 മണിക്കൂറുകള്‍ കൂടി പോള്‍ തുടരും. ഇതുവരെ 58 ലക്ഷത്തിലധികം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അതില്‍ 54.7 ശതമാനം പേരും ട്രംപിന്റെ മടങ്ങിവരവിനെ അനുകൂലിക്കുന്നവരാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മസ്‌കിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവും വലിയ ചര്‍ച്ചയായിരുന്നു.

നടപടി ശരിയല്ലെന്നും വിലക്കിന് ട്രംപിനെ നിശബ്ദനാക്കാന്‍ സാധിച്ചില്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് മസ്‌ക് വ്യക്തമാക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസ് ഫ്യൂച്ചര്‍ ഓഫ് ദി കാര്‍ സമ്മിറ്റിലായിരുന്നു മസ്‌കിന്റെ പ്രതികരണം. മസ്‌കിനെ അനുകൂലിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയും രംഗത്തെത്തിയിരുന്നു. അതേ സമയം വിലക്ക് നീക്കിയാലും ട്വിറ്ററിലേക്ക് മടങ്ങില്ലെന്ന ട്രംപിന്റെ മുന്‍നിലപാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. തന്നെ ബാന്‍ ചെയ്ത ഫേസ്ബുക്ക്, ട്വിറ്റര്‍ നപടികളില്‍ പ്രതിഷേധിച്ച് 'ട്രൂത്ത് സോഷ്യല്‍' എന്ന പുതിയ സമൂഹ മാധ്യമവും ട്രംപ് ആരംഭിച്ചിരുന്നു. യുഎസ് ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങള്‍ ട്രംപിനെ വിലക്കിയത്.

Tags:    

Similar News