ബോണസ് ഓഹരികള്‍ നല്‍കാന്‍ റിലയന്‍സ്, 1.7 ലക്ഷം പുതിയ തൊഴില്‍; നേട്ടങ്ങള്‍ക്ക് അക്കമിട്ട് മുകേഷ് അംബാനി

ജിയോ എ.ഐ ക്ലൗഡ് വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചു, ഇന്ത്യയ്ക്ക് പുറത്ത് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കും

Update:2024-08-29 17:49 IST

Image Credit: youtube.com/@cnnnews18

കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്വന്തമാക്കിയ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞും ഭാവി പദ്ധതികളെപ്പറ്റി വിശദീകരിച്ചും പിന്തുടര്‍ച്ചക്കാരുടെ മികവിനെ വാഴ്ത്തിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക 47മത് പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗം. എ.ഐ അധിഷ്ടിത സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇരട്ടി വളര്‍ച്ച നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടമകള്‍ക്ക് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാന്‍ സെപ്റ്റംബര്‍ അഞ്ചിന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തേക്കുമെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങള്‍

♦ ജിയോ എ.ഐ ക്ലൗഡ് വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് 100 ജി.ബി ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയുള്ള ഡേറ്റകള്‍ ഈ സ്റ്റോറേജില്‍ സൂക്ഷിക്കാനാകും.
♦  2024 സാമ്പത്തികവര്‍ഷം 10,00,122 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് നേടാന്‍ റിലയന്‍സിന് സാധിച്ചു. വാര്‍ഷിക വരുമാനം 10 ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടവും റിലയന്‍സിന് സ്വന്തം.
♦ കമ്പനിയുടെ നവ ഊര്‍ജ ബിസിനസ് റിലയന്‍സിന്റെ കിരീടത്തിലെ പൊന്‍തൂവലായി മാറും. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ഇത് വലുതും ലാഭകരവുമായതായി മാറും.
♦ ഇന്ത്യയ്ക്ക് പുറത്ത് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കും. യു.എസിലും യൂറോപ്പിലും സാന്നിധ്യം ഉയര്‍ത്തും.
♦ ആകാശ് അംബാനി, ഇഷാ അംബാനി, ആനന്ദ് അംബാനി എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. റിലയന്‍സിന്റെ പുതുതലമുറയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ചുവടുവയ്പ് നടത്താന്‍ അവര്‍ക്കായി.

♦ 2025 ഓടെ ജാംനഗര്‍ റിലയന്‍സിന്റെ ന്യു എനര്‍ജി ബിസിനസിന്റെ ഹബ്ബായി മാറും. ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ മാനുഫാക്ചറിംഗ് കോംപ്ലക്‌സ് ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായി മാറും. അതിനൊപ്പം എ.ഐ, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് എന്നിവയുള്‍പ്പെടെ വിപുലമായ സെന്ററിനായി 75,000 കോടി രൂപയാണ് നിക്ഷേപിക്കുക.

♦ ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാര്‍ബണ്‍ ഫൈബര്‍ പ്ലാന്റ് ഹാസിറയില്‍ നിര്‍മിക്കുകയാണ്. അത് ആഗോളതലത്തില്‍ തന്നെ ആദ്യ മൂന്നു യൂണിറ്റുകളിലൊന്നായി മാറും.
♦ റിലയന്‍സ് ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അധിഷ്ഠിത അത്യാധുനിക സാങ്കേതികവിദ്യയായ 'ജിയോ ബ്രെയിന്‍' അവതരിപ്പിച്ചു.
Tags:    

Similar News