ചാനല്‍ നടത്തിപ്പില്‍ 'കൈപൊള്ളി' അംബാനി; നഷ്ടം കൂടുന്നു, വരുമാനം കുറയുന്നു; റിലയന്‍സിന് പരീക്ഷണകാലം

മലയാളത്തിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസ്ഥാനങ്ങളിലും നെറ്റ്‌വര്‍ക്ക് 18 മീഡിയയ്ക്ക് സാന്നിധ്യമുണ്ട്‌

Update:2024-10-15 15:10 IST
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ ബിസിനസിന് രണ്ടാംപാദത്തിലും വരുമാനത്തില്‍ ഇടിവ്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ നഷ്ടം 155 കോടി രൂപയായിരുന്നെങ്കില്‍ ഈ പാദത്തിലത് 188 കോടി രൂപയായി ഉയര്‍ന്നു. ആകെ വരുമാനം രണ്ടു ശതമാനം ഇടിഞ്ഞ് 1,825 കോടി രൂപയിലെത്തി. പുതിയ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാത്തതും വാര്‍ത്ത ചാനലുകളുടെ പരസ്യവരുമാനം കുറഞ്ഞതുമാണ് ഇടിവിന് കാരണം. അടുത്ത പാദത്തില്‍ സ്റ്റാര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയാകുന്നതോടെ വരുമാനത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുകേഷ് അംബാനി.
ടി.വി ചാനല്‍, ഡിജിറ്റല്‍, പ്രിന്റ് വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം ആറുശതമാനം വര്‍ധിച്ച് 445 കോടി രൂപയിലെത്തി. വിനോദ വിഭാഗമായ വിയാകോം18ല്‍ നിന്നുള്ള വരുമാനത്തില്‍ പക്ഷേ 5.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാനപാദത്തില്‍ 1,416 കോടി രൂപയായിരുന്ന വരുമാനം ഇത്തവണ 1,339 കോടി രൂപയായിട്ടാണ് താഴ്ന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ നേട്ടം

കമ്പനിയുടെ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ വലിയ വരുമാന വര്‍ധനയാണ് ഉണ്ടായത്. 43.6 ശതമാനം വര്‍ധിച്ച് 733 കോടിയായി ഉയര്‍ന്നു. 2022 സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തില്‍ ഇത് 511 കോടി രൂപയായിരുന്നു. സിനിമ പ്രൊഡക്ഷന്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ കുറവാണ് രണ്ടാംപാദത്തിലുള്ളത്. 88 ശതമാനം ഇടിഞ്ഞ് 44 കോടി രൂപയിലൊതുങ്ങി വരുമാനം. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ 374 രൂപ ലഭിച്ചിടത്താണിത്. പുതിയ റിലീസുകള്‍ ഉണ്ടാകാതിരുന്നതാണ് വരുമാന കുറവിന് കാരണം.

റിലയന്‍സിന്റെ മീഡിയ ബിസിനസ്

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസ്ഥാനങ്ങളിലും നെറ്റ്‌വര്‍ക്ക് 18 മീഡിയയ്ക്ക് സാന്നിധ്യമുണ്ട്. ന്യൂസ്, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ് എന്നീ മേഖലകളിലും റിലയന്‍സിന് ചാനലുകളുണ്ട്. ജിയോ സിനിമ, വൂട്ട്, വൂട്ട് സെലക്ട്, വൂട്ട് കിഡ്‌സ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം ബുക്കിംഗ് ആപ്പായ ബുക്ക്‌മൈഷോയും റിലയന്‍സിന്റെ മീഡിയ ബിസിനസിന്റെ ഭാഗമാണ്.
ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറുമായുള്ള ലയനം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ഇവന്റുകളുടെ സംപ്രേക്ഷണവകാശത്തിന്റെ സിംഹഭാഗവും റിലയന്‍സിന്റെ കൈകളിലാകും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്‌ഫോം ജിയോ സിനിമയുമായി സംയോജിപ്പിക്കുന്നതിലൂടെ വിനോദം, കായികം, ഹോളിവുഡ് തുടങ്ങിയ 1,25,000 മണിക്കൂര്‍ ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി ഇതു മാറും.
Tags:    

Similar News