ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 4

Update: 2019-10-04 04:44 GMT

1. റിസര്‍വ് ബാങ്കിന്റെ വായ്പ നയ അവലോകനം ഇന്ന്; റിപ്പോ നിരക്ക് കുറച്ചേക്കും

റിസര്‍വ് ബാങ്കിന്റെ വായ്പ നയ അവലോകനം ഇന്ന്. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കിൽ 35 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തി കഴിഞ്ഞ വായ്പാനയ അവലോകനത്തിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടത് സാമ്പത്തിക മേഖലയുടെ തിരിച്ചുവരവായിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

2. പ്രവാസികള്‍ക്കും ആധാര്‍കാര്‍ഡ്; ഉത്തരവായി

തടസ്സങ്ങളെല്ലാം നീങ്ങി. ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. നിലവില്‍ വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്ക് ആധാറെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

3. ഇനിയെല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം; സ്വച്ഛ് പാനി അഭിയാന്‍ വരുന്നു

നിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനായി രാജ്യവ്യാപകമായി 'സ്വച്ഛ് പാനി അഭിയാന്‍' തുടങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്നു നിര്‍ദേശം നല്‍കും. ഇതിനായി സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കും.

4. ടൈകോണ്‍ കേരള സംരംഭക സമ്മേളനം ഇന്നും നാളെയും

സംരംഭകരുടെ ദേശീയ സമ്മേളനമായ ടൈകോണ്‍ കേരള 2019 ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് അഞ്ച് മണിക്ക് തുടക്കമാകും. ഇന്നും നാളെയുമായി ബിസിനസ്, മാനേജ്‌മെന്റ് രംഗങ്ങളിലെ പ്രഗല്‍ഭര്‍ പ്രഭാഷണവും അവതരണവും ചര്‍ച്ചകളുമായി ഒത്തുകൂടും. നാളെ വൈകിട്ട് 6.30 ന് സമ്മേളനം സമാപിക്കും.

5. ചെറുകിട വ്യവസായ- കാര്‍ഷിക വായ്പ കൂടി

സംസ്ഥാനത്തു വ്യവസായ - കാര്‍ഷിക- വിദ്യാഭ്യാസ വായ്പകളുടെ വിതരണം മുന്‍കൊല്ലത്തെക്കാള്‍ കൂടി. കാര്‍ഷിക വായ്പ മുന്‍കൊല്ലത്തെക്കാള്‍ 10399 കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ചെറുകിട വ്യവസായ വായ്പയില്‍ 6498 കോടി രൂപ വര്‍ധനവാണുണ്ടായത്.

Similar News