എ.ഐ കോണ്‍ക്ലേവിന് പിന്നാലെ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ഓഗസ്റ്റ് 24ന്

22 മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മേഖലകളില്‍ നിന്നാണ് റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുക

Update:2024-07-13 10:37 IST

Image: Canva

ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിന്റെ വിജയത്തിന് പിന്നാലെ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് 24ന് കൊച്ചിയിലാകും ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. റോബോട്ടിക്‌സ് ഉള്‍പ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിള്‍ നടത്തും.
പുതിയ വ്യവസായ നയപ്രകാരമുള്ള 22 മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മേഖലകളില്‍ നിന്നാണ് റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുക. അതത് മേഖലകളിലെ നിക്ഷേപകര്‍, ഗവേഷകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് റൗണ്ട് ടേബിള്‍.
ബയോ കോണ്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്കില്‍ സെപ്തംബര്‍ 26ന് ബയോ കോണ്‍ സംഘടിപ്പിക്കും. ഇതില്‍ 500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റീജിയണല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് റോഡ് ഷോയും നടത്തും. ഓഗസ്റ്റ് 9ന് ചെന്നൈയില്‍ ആദ്യ റോഡ് ഷോ നടക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ അഞ്ച് കോടിക്ക് മേല്‍ നിക്ഷേപം നടത്തിയിട്ടുള്ള 200 നിക്ഷേപകരുടെ സംഗമം നടത്തും. ജനുവരി 14,15 തീയതികളില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും.
നല്ല രീതിയില്‍ സംരംഭം തുടങ്ങാനുള്ള അന്തരീക്ഷം ഇപ്പോള്‍ കേരളത്തിലുണ്ട്. കേരളത്തില്‍ നിന്നു വിദേശത്തേക്ക് പോയവര്‍ തിരിച്ച് വരുന്ന റിവേഴ്‌സ് മൈഗ്രേഷന്റെ കാലമാണിതെന്നും മന്ത്രി പറഞ്ഞു. വിദേശത്തേതു പോലെയുള്ള മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. എ.ഐ വ്യാപകമാകുന്നതോടൊപ്പം വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും രാജ്യത്തുണ്ടാകണമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News