തോട്ടങ്ങളില്‍ ട്രെന്റ് മാറുന്നു; പാല്‍ വില്പനയ്ക്ക് ഡിമാന്‍ഡ് കുറയുന്നു; റബര്‍വില പുതിയ ഉയരങ്ങളിലേക്ക്

മലയോര മേഖലകളില്‍ തിളക്കം, റബര്‍ വിലയിലെ കുതിപ്പില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ

Update:2024-08-06 16:15 IST

Image: Canva

റബര്‍ വില റെക്കോഡിലേക്ക് കുതിക്കുമ്പോള്‍ കേരളത്തിലെ മലയോര മേഖലകളിലും പ്രതിഫലനം. ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലെങ്കിലും വിലയില്‍ വലിയ ഇറക്കം ഉടനുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവില്‍ 240 രൂപ വരെ നല്‍കി വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നുണ്ട്. ഇടയ്ക്ക് താഴെ പോയെങ്കിലും അന്താരാഷ്ട്ര വില 206 രൂപയ്ക്ക് മുകളിലാണ്. ആഭ്യന്തര വിലയേക്കാള്‍ 30 രൂപയോളം കുറവാണെങ്കിലും തായ്‌ലന്‍ഡില്‍ അടക്കം ഉത്പാദനം കുറഞ്ഞതിനാല്‍ നിലവില്‍ ഈ വ്യത്യാസം വലിയ ഭീഷണിയാകില്ല.
ഒരുകാലത്ത് കോട്ടയവും ഇടുക്കിയും അടക്കമുള്ള ജില്ലകളിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് കാരണമായത് റബറിന്റെ വളര്‍ച്ചയാണ്. ഇപ്പോള്‍ വില കൂടിയതോടെ ഇടക്കാലത്ത് റബര്‍ മേഖലയില്‍ നിന്ന് വിട്ടുനിന്നവരിലും ആവേശം പ്രകടമാണ്. വര്‍ഷങ്ങളായി ടാപ്പിംഗ് നിലച്ച തോട്ടങ്ങള്‍ പലതും സജീവമായിട്ടുണ്ട്.
ലക്ഷ്യം 275
വില ഇനിയും ഉയരുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ ചരക്ക് പിടിച്ചു വയ്ക്കുന്ന പ്രവണതയുണ്ട്. ഇത് വിപണിയിലേക്കുള്ള വരവ് കുറച്ചിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിപണിയിലേക്ക് വന്നാലും ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വില വലിയ തോതില്‍ ഇടിയില്ലെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.
2011 ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ റബര്‍വില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 243 രൂപയിലാണ് വ്യാപാരം നടന്നത്. അതിനു മുമ്പോ ശേഷമോ ഈ വിലയ്ക്ക് റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് അവസാനമാകുമ്പോല്‍ വില 275 കടക്കുമെന്നാണ് ഈ രംഗത്തുള്ള പറയുന്നത്.
റബറിന്റെ വില പെട്ടെന്ന് കൂടാന്‍ കാരണങ്ങള്‍ പലതാണ്. കണ്ടെയ്‌നര്‍ ക്ഷാമവും ആഗോളതലത്തില്‍ ഉത്പാദനം കുറഞ്ഞതുമാണ് അതില്‍ പ്രധാനം. ഈ നില തുടര്‍ന്നാല്‍ ഒരു മാസത്തിനകം സര്‍വകാല റെക്കോഡിലേക്ക് വിലയെത്തും.
പാല്‍വില്പന കുറഞ്ഞു
ഷീറ്റിന്റെ വില കൂടി നില്‍ക്കുന്നതിനാല്‍ റബര്‍പാല്‍ വില്പന നടത്തുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്ത് റബര്‍പാല്‍ വില്പന കേരളത്തില്‍ വ്യാപകമായത്. തൊഴിലാളികളുടെ അഭാവവും ജോലിഭാരം കൂടിയതുമാണ് പലരെയും പാല്‍ വില്പനയ്ക്ക് പ്രേരിപ്പിച്ചത്. തോട്ടത്തിലെത്തി ശേഖരിക്കുമെങ്കിലും പാല്‍വില കിട്ടാന്‍ 15 മുതല്‍ 25 ദിവസം വരെ കാത്തിരിക്കണം. ഇതും കര്‍ഷകരെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
Tags:    

Similar News