പ്രവര്‍ത്തന ലാഭം ₹5 കോടിയില്‍ നിന്ന് ₹22 കോടിയിലേക്ക്, പ്രതിദിന യാത്രക്കാര്‍ ഒരു ലക്ഷത്തിന് മുകളില്‍; കൊച്ചി മെട്രോ കണക്കുകളില്‍
2017-18 സാമ്പത്തികവര്‍ഷം ടിക്കറ്റില്‍ നിന്നുള്ള പ്രതിദിന വരുമാനം 11.24 ലക്ഷമായിരുന്നു. ഇത് 27.29 ലക്ഷമായി വര്‍ധിപ്പിക്കാനായി
കൊച്ചി മെട്രൊ റെയില്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം വരുമാനവും ഉയര്‍ത്താന്‍ മെട്രോയ്ക്കായി. നിര്‍മാണത്തിനായി എടുത്ത വായ്പകളുടെ തിരിച്ചടവും പലിശയും കൂട്ടിയാല്‍ കൊച്ചി മെട്രോ നഷ്ടത്തിലാണ്. പ്രവര്‍ത്തന ലാഭം ഉയര്‍ത്താന്‍ സാധിക്കുന്നത് കൊച്ചി മെട്രോയ്ക്ക് പുതിയ ചുവടുവയ്പിലേക്ക് ആശ്വാസം പകരുന്നതാണ്. 2022-23 സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടിയായിരുന്നത് 22.94 കോടിയാക്കി ഉയര്‍ത്താന്‍ സാധിച്ചു.
പ്രതിദിന യാത്രക്കാര്‍ വര്‍ധിച്ചു
2017-18 സാമ്പത്തികവര്‍ഷത്തില്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി 35,213 ആയിരുന്നു. ഇത് പടിപടിയായി ഉയര്‍ത്താന്‍ സാധിച്ചു. 2022-23ല്‍ ശരാശരി 68,168 പേരായിരുന്നു പ്രതിദിനം മെട്രോയെ ആശ്രയിച്ചിരുന്നത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 20,000ത്തോളം വര്‍ധനയുണ്ടാക്കാന്‍ കൊച്ചി മെട്രോയ്ക്കായി. 2023-24 സാമ്പത്തികവര്‍ഷം പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 88,292 ആണ്. മാസത്തില്‍ 20 ദിവസമെങ്കിലും യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലെത്തിക്കാന്‍ മെട്രോയ്ക്ക് സാധിക്കുന്നുണ്ട്.
നഗരത്തില്‍ വലിയ ഇവന്റുകള്‍ നടക്കുന്ന സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷം വരെ ആകാറുണ്ടെന്ന് മെട്രോ അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍, ലുലു മാളില്‍ ഓഫര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നത്.
ചെലവും വരുമാനവും ഏഴു വര്‍ഷം കൊണ്ട് ഇരട്ടിയാകുകയും ചെയ്തു. 2017-18ല്‍ പ്രവര്‍ത്തന ചെലവ് 73.33 കോടി രൂപയായിരുന്നു. 2023-24 എത്തിയപ്പോള്‍ 168.23 കോടി രൂപയിലേക്ക് ചെലവ് വര്‍ധിച്ചു. വരുമാനം ഏഴു വര്‍ഷം കൊണ്ട് 49.25 കോടിയില്‍ നിന്ന് 168.23 കോടിയായി ഉയര്‍ന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് മാത്രമാണ് വരുമാനത്തില്‍ വലിയ ഇടിവുണ്ടായത്. 2020-21ല്‍ 54.32 കോടിയും 2021-22ല്‍ 78.35 കോടി രൂപയുമായിരുന്നു വരുമാനം.
2017-18 സാമ്പത്തികവര്‍ഷം ടിക്കറ്റില്‍ നിന്നുള്ള പ്രതിദിന വരുമാനം 11.24 ലക്ഷമായിരുന്നു. ഇത് 27.29 ലക്ഷമായി വര്‍ധിപ്പിക്കാനായി. ടിക്കറ്റ് ഇതര വരുമാനം കാര്യമായി ഉയര്‍ത്താന്‍ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.