തോട്ടങ്ങളില്‍ റബര്‍ ഉത്പാദനം ചുരുങ്ങുന്നു, എന്നിട്ടും 200 തൊടാന്‍ മടിച്ച് വിപണി

ആഗോള തലത്തില്‍ വാഹന വിപണിയിലടക്കം മാന്ദ്യം നിലനില്‍ക്കുന്നത് ടയര്‍ കമ്പനികളെ ബാധിക്കുന്നുണ്ട്

Update:2024-12-17 10:20 IST
ഡിസംബര്‍ പകുതിയോടെ വില 200 കടക്കുമെന്ന പ്രതീക്ഷകളെ തച്ചുടച്ച് റബര്‍ വിപണിയില്‍ അനിശ്ചിതത്വം. നിലവില്‍ ആര്‍എസ്എസ്4ന് 191 രൂപയാണ് റബര്‍ബോര്‍ഡ് വില. മലയോര മേഖലകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. ടയര്‍ കമ്പനികളില്‍ നിന്ന് കാര്യമായ അന്വേഷണം വരാത്തതാണ് വിപണിയുടെ ആവേശക്കുറവിന് കാരണം.
മണ്‍സൂണില്‍ ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളില്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോടെ സംസ്ഥാനത്തെ റബര്‍ വിപണിയിലേക്കുള്ള വരവ് പാതിയായി കുറയും. ഇത്തവണ മണ്‍സൂണ്‍ സമയത്ത് മികച്ച വില കിട്ടിയിരുന്നതിനാല്‍ വന്‍കിട, ചെറുകിട കര്‍ഷകര്‍ നേരത്തെ തന്നെ ടാപ്പിംഗ് ആരംഭിച്ചിരുന്നു. ഇത് ഡിസംബറില്‍ ഉത്പാദനം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

രാജ്യാന്തര വിലയിലും മുരടിപ്പ്

ആഗോള തലത്തില്‍ വാഹന വിപണിയിലടക്കം മാന്ദ്യം നിലനില്‍ക്കുന്നത് ടയര്‍ കമ്പനികളെ ബാധിക്കുന്നുണ്ട്. പ്രകൃതിദത്ത റബറിന്റെ സിംഹഭാഗവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടയര്‍ കമ്പനികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ റബര്‍ മേഖലയെയും ബാധിക്കുന്നത്. രാജ്യാന്തര വിപണിയില്‍ റബര്‍ വില 212 രൂപയ്ക്കടുത്താണ്. ബാങ്കോക്കിലെ വിലയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണര്‍വ് കാണിച്ചെങ്കിലും പിന്നീട് രാജ്യാന്തര വിലയും താഴേക്ക് പോകുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്.

കര്‍ഷകരുടെ മനസിലെന്ത്?

റബര്‍ ഷീറ്റാക്കി മാറ്റുന്ന രീതി അടുത്ത കാലത്തായി കേരളത്തിലെ കര്‍ഷകര്‍ മാറ്റി പരീക്ഷിക്കുകയാണ്. റബര്‍ പാലാക്കുകയോ ഒട്ടുപാല്‍ രൂപത്തിലാക്കി വില്‍ക്കുകയോ ആണ് രീതി. റബര്‍ ഷീറ്റ് കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാന്‍ സാധ്യമല്ല. എന്നാല്‍ പാല്‍ എത്ര കാലം വരെയും സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വില കൂടുമ്പോള്‍ വില്ക്കുകയെന്ന രീതിയിലേക്ക് കര്‍ഷകര്‍ മാറിയിട്ടുണ്ട്.
നവംബറിലും ഡിസംബര്‍ ആദ്യ വാരവും ചരക്ക് കാര്യമായി വിപണിയിലേക്ക് എത്താതിരുന്നതിന് കാരണവും ഇതാണ്. ക്രിസ്മസും പുതുവല്‍സരവും അടുക്കുന്ന സമയത്ത് വിപണിയിലേക്ക് ചരക്ക് കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ടയര്‍ കമ്പനികളും. ഇറക്കുമതി റബര്‍ വന്‍തോതില്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ക്ക് വലിയ ആശങ്കയില്ല.
Tags:    

Similar News