റബറില്‍ സ്തംഭനം! വ്യാപാരികള്‍ വിട്ടുനില്‍ക്കുന്നു, ടയര്‍ കമ്പനികള്‍ക്കും താല്പര്യക്കുറവ്; കര്‍ഷകര്‍ ത്രിശങ്കുവില്‍

റബറിന് 250 രൂപയിലെത്തിയപ്പോള്‍ വലിയ തുക നല്‍കി തോട്ടങ്ങള്‍ പാട്ടത്തിന് എടുത്തവരും അകപ്പെട്ടിരിക്കുകയാണ്.

Update:2024-10-25 12:21 IST

Image: Canva

രണ്ടുമാസം മുമ്പുവരെ ഉത്സവ പ്രതീതിയിലായിരുന്ന റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉയരുന്നത് കര്‍ഷകന്റെ വിലാപം മാത്രം. റെക്കോഡ് വിലയിലേക്ക് ഓടിക്കയറിയപ്പോള്‍ തോട്ടങ്ങള്‍ പൊന്നുംവിലയ്ക്ക് എടുത്തവരും പണിക്കാരെ പറഞ്ഞ കൂലിയ്ക്ക് ടാപ്പിംഗിന് നിയോഗിച്ചവരും അടക്കം പ്രതിസന്ധിയിലായി. റബര്‍ ബോര്‍ഡ് 184 രൂപ വില പറയുന്നുണ്ടെങ്കിലും ഇതിലും 10 മുതല്‍ 14 രൂപ വരെ കുറച്ച് വേണമെങ്കില്‍ എടുക്കാമെന്ന നിലപാടിലാണ് വ്യാപാരികള്‍.

സംസ്ഥാനത്തെ പല മലയോര മേഖലകളിലും റബര്‍ഷീറ്റ് വാങ്ങുന്നത് കച്ചവടക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിക്കടി വില താഴുന്നതിനാല്‍ നഷ്ടം വരുന്നതും ടയര്‍ കമ്പനികള്‍ ചരക്ക് വാങ്ങാന്‍ താല്പര്യം കാണിക്കാത്തതുമാണ് മാന്ദ്യത്തിന് കാരണം.

ടയര്‍ കമ്പനികള്‍ക്കെന്തു പറ്റി?

രാജ്യത്തെ പ്രമുഖ ടയര്‍ കമ്പനികളെല്ലാം കഴിഞ്ഞ രണ്ടു മാസത്തിനിടെ ടണ്‍ കണക്കിന് റബറാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിച്ചത് ഒരൊറ്റ കാര്യമാണ്, ആഭ്യന്തര വില ഇടിക്കുക. ഇപ്പോള്‍ ആഭ്യന്തര ഡിമാന്‍ഡ് കൂപ്പുകുത്തിയതോടെ വിലയും താഴ്ന്നു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 150 രൂപയില്‍ താഴെ റബര്‍ വില എത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ടയര്‍ കമ്പനികളെ സംബന്ധിച്ച് ആവശ്യത്തിലധികം ചരക്ക് കരുതലായുണ്ട്. വില ഇനിയും കുറയുമെന്നതിനാല്‍ വിപണിയില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയാണ്. പരിധിയില്‍ കൂടുതല്‍ താഴുന്ന അവസരത്തില്‍ സ്റ്റോക്ക് ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ടയര്‍ കമ്പനികള്‍. രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ സിംഹഭാഗവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടയര്‍ കമ്പനികള്‍ക്ക് വില നിശ്ചയിക്കാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

റബര്‍ ബോര്‍ഡിനെതിരേ കര്‍ഷകര്‍

പ്രതിദിനം വില പ്രസിദ്ധീകരിക്കുക എന്നതിലുപരി മറ്റൊരു കാര്യവും റബര്‍ ബോര്‍ഡ് ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. റബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല. ടാപ്പിംഗ് നടത്തുന്നതിനുള്ള കൂലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ഷകരില്‍ പലരും.

റബറിന് 250 രൂപയിലെത്തിയപ്പോള്‍ വലിയ തുക നല്‍കി തോട്ടങ്ങള്‍ പാട്ടത്തിന് എടുത്തവരും അകപ്പെട്ടിരിക്കുകയാണ്. പലരും ടാപ്പിംഗ് നിര്‍ത്തിയിട്ടുണ്ട്. കിട്ടുന്ന വരുമാനം കൂലി കൊടുക്കാന്‍ പോലും തികയില്ലെന്നതാണ് കാരണം. ദീര്‍ഘകാലത്തിനുശേഷം റബര്‍ മേഖലയില്‍ ഉണ്ടായ ഉണര്‍വ് രണ്ടുമാസത്തിനുള്ളില്‍ കെട്ടടങ്ങിയത് മലയോര മേഖലകളില്‍ സാമ്പത്തികമാന്ദ്യത്തിനും കാരണമായിട്ടുണ്ട്.
Tags:    

Similar News