യൂറോപ്യന്‍ 'പഴുത്' ഇന്ത്യയ്ക്ക് അപ്രതീക്ഷിത ലോട്ടറി; റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് മോദി കൗശലം!

റഷ്യന്‍ എണ്ണയില്‍ യൂറോപ്യന്‍ യൂണിയന്‍ കാണിച്ച മണ്ടത്തരം ബുദ്ധിപൂര്‍വം മുതലെടുക്കാന്‍ മോദി സര്‍ക്കാരിനായി

Update:2024-11-11 11:57 IST

Image Courtesy: en.kremlin.ru, https://x.com/PMOIndia

യൂറോപിലേക്ക് എണ്ണ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദത്തില്‍ കയറ്റുമതിയില്‍ 58 ശതമാനം വര്‍ധനയാണ് രാജ്യത്തിന് നേടാനായത്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന ഡിസ്‌കൗണ്ട് ക്രൂഡ്ഓയിലില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്കു മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. അതുവരെ ആകെ വാങ്ങലിന്റെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണ. ഡിസ്‌കൗണ്ട് ലഭിച്ചതോടെ ഇന്ത്യന്‍ ആവശ്യകതയിലേറെയും നിറവേറ്റിയത് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ആയിരുന്നു. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍.

യൂറോപ്യന്‍ പഴുത് മുതലാക്കി ഇന്ത്യ

റഷ്യയില്‍ നിന്നുള്ള ക്രൂഡ്ഓയിലിന് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും ഈ എണ്ണയില്‍ നിന്ന് മറ്റൊരു രാജ്യം ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണമില്ലായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തത്തിലെ ഈ പഴുതുകള്‍ ഇന്ത്യ കൃത്യമായി മുതലാക്കുകയും ചെയ്തു. നിലവില്‍ യൂറോപ്പിലേക്ക് എണ്ണ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ഗുജറാത്തിലെ ജാംനഗര്‍, വാഡിനാര്‍, മാംഗളൂരുവിലെ പുതിയ റിഫൈനറി എന്നിവിടങ്ങളില്‍ നിന്നാണ് യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ ഏറെയും.
റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് പ്രതിദിനം 1,54,000 ബാരല്‍ ഡീസലും ജെറ്റ് ഇന്ധനവും യൂറോപ്പ് ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോഴിത് ഇരട്ടിയായി വര്‍ധിച്ചു. മുമ്പ് റഷ്യയ്ക്ക് ലഭിച്ചിരുന്ന വരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വീതിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകുകയും ചെയ്തു.

ഒക്ടോബര്‍ കണക്ക്

ലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഉപയോക്തൃ രാജ്യമായ ഇന്ത്യ ഒക്ടോബറില്‍ റഷ്യയില്‍ നിന്ന് 2 ബില്യണ്‍ യൂറോയുടെ ക്രൂഡാണ് ഇറക്കുമതി ചെയ്തത്. മുന്‍ മാസത്തെ 2.4 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് കുറവാണിത്. റഷ്യയുടെ എണ്ണ വില്പനയുടെ 47 ശതമാനവും വാങ്ങുന്നത് ചൈനയാണ്. തൊട്ടുപിന്നില്‍ 37 ശതമാനവുമായി ഇന്ത്യയാണ് രണ്ടാമത്. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ആറുശതമാനം വീതം വാങ്ങുന്നുണ്ട്.
Tags:    

Similar News