കേരള ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വിസിയായി ഡോ. സജി ഗോപിനാഥ്

Update: 2020-07-08 06:27 GMT

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ മാറ്റി മറിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് ഇനി സംസ്ഥാനത്തെ ഡിജിറ്റല്‍ സയന്‍സ് വാഴ്‌സിറ്റിക്ക് നേതൃത്വം നല്‍കും.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോ. സജി ഗോപിനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് - കേരള (ഐഐഐടിഎം- കെ) ഡയറക്റ്ററാണ് ഡോ. സജി ഗോപിനാഥ്.

ഐഐഐടിഎം - കെയെ കൂടുതല്‍ വിപുലീകരിച്ച് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല രൂപീകരിക്കാന്‍ അടുത്തിടെ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

നാല് വര്‍ഷത്തേക്കാണ് നിയമനം. ആഗസ്ത് അവസാനം പള്ളിപ്പുറത്തെ ടെക്‌നോസിറ്റി ക്യാംപസില്‍ സര്‍വകലാശാല പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഡോ. സജി ഗോപിനാഥ് ചുമതലയേല്‍ക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സ്ഥാനം വൈകാതെ ഒഴിയും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിസിനസ്, ഡിജിറ്റല്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ബഹുമുഖ ചുവടുവെപ്പുകളുടെ ഭാഗമായാണ് പുതിയ യൂണിവേഴ്‌സിറ്റി രൂപീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയ്ന്‍, കോഗ്നിറ്റീവ് സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഓഗ്മെന്റഡ് റിയാല്‍റ്റി എന്നീ നൂതന സാങ്കേതിക വിദ്യകള്‍ക്കാവും യൂണിവേഴ്‌സിറ്റി ഊന്നല്‍ നല്‍കുക.

യൂണിവേഴ്‌സിറ്റിക്കു കീഴില്‍ അഞ്ച് സ്‌കൂളുകളുണ്ടാകും. സ്‌കൂള്‍ ഓഫ് കംപ്യൂട്ടിംഗ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോസയന്‍സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് എന്നിവയായിരിക്കും അത്.

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസറായ ഡോ. സജി ഗോപിനാഥ് ഡെപ്യൂട്ടേഷനില്‍ ഐഐഐടിഎം - കെ ഡയറക്റ്ററും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഡോ. സജി ഗോപിനാഥ് നോയിഡ ബെനറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News