സൗദിയിലെ പുതിയ എണ്ണപ്പാടങ്ങള്‍ തൊഴിലവസരങ്ങള്‍ തുറക്കും, അനുബന്ധ മേഖലകളില്‍ സ്വകാര്യ സംരംഭങ്ങള്‍ക്കും സാധ്യത
പ്രതിദിനം ഒന്നേകാല്‍ കോടി ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഖനനം ചെയ്ത് സൗദി
സൗദി അറേബ്യയില്‍ കണ്ടെത്തിയ പുതിയ,കൂറ്റന്‍ എണ്ണപ്പാടങ്ങള്‍ വരും വര്‍ഷങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ക്ക് സഹായകമായേക്കും. ജി.സി.സി രാജ്യങ്ങളില്‍ പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് സൗദിയില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നത്. നിലവിലുള്ളവയില്‍ നിന്ന് അടുത്ത രണ്ട് നൂറ്റാണ്ടിലെ ആഭ്യന്തര ഉപയോഗത്തിനുള്ള പെട്രോളിയം അവരുടെ കയ്യില്‍ സ്റ്റോക്കുണ്ട്. എന്നാല്‍ എണ്ണ വില്‍പ്പനയെ പ്രധാന കയറ്റുമതി വരുമാനമായി കാണുന്ന സൗദി അറേബ്യക്ക് ഭാവിയിലേക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ കൂടുതല്‍ എണ്ണ ഖനനം സാധ്യമാകണം. ഇതിനായി നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഏഴ് കൂറ്റന്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ തിങ്കളാഴ്ചയാണ് സൗദി ഗവണ്‍മെന്റ് പുറത്ത് വിട്ടത്.
എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വന്‍ ശേഖരം
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ മരുഭൂമിയിലാണ് മാസങ്ങള്‍ നീണ്ട പര്യവേക്ഷണം നടന്നത്. ഭൂമിശാസ്ത്രപരമായി വിഖ്യാതമായ റുബുഉല്‍ഖാലി (empty quarter oil fields) മരുഭൂമി കൂടി ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. രണ്ടിടങ്ങളില്‍ പരമ്പരാഗത പെട്രോളിയം ഖനനത്തിനും മൂന്നിടത്ത് ആധുനിക രീതിയിലുള്ള പ്രകൃതി വാതകംഖനനത്തിനുമുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പ്രതിദിനം 12,000 ബാരല്‍ പെട്രോളിയം ഉല്‍പ്പനങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുകയെന്നാണ് പ്രാഥമിക അനുമാനം. പാചക വാതകത്തിന്റെയും വലിയ ശേഖരമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നുള്ള ഖനനം വൈകാതെ തുടങ്ങുമെന്നാണ് നിഗമനം.
പരമ്പരാഗത പെട്രോളിയം ഉല്‍പ്പനങ്ങളുടെ ലഭ്യത കുറവും,ആഗോള തലത്തില്‍ വരാന്‍ സാധ്യതയുള്ള കുറഞ്ഞ ഉപയോഗവും പ്രകൃതി വാതകത്തിന്റെ ഖനനത്തിലേക്ക് നീങ്ങാന്‍ സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
പ്രതിദിന ഉല്‍പ്പാദനം ഒന്നേ കാല്‍ കോടി ബാരല്‍
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. പ്രതിദിനം ഒന്നേകാല്‍ കോടി ബാരലാണ് ഉല്‍പ്പാദനം. ഗവേഷണത്തിലൂടെ കണ്ടെത്തിയ പെട്രോളിയം സ്റ്റോക്കിന്റെ ഒരു ശതമാനമാണ് പ്രതിവര്‍ഷം ഖനനം ചെയ്തു വരുന്നത്. ഇത് അടുത്ത ഇരുനൂറ് വര്‍ഷത്തേക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്താതിരിക്കുകയോ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുകയോ ചെയ്താല്‍ ഈ ശേഖരം നേരത്തെ അവസാനിക്കും. ഉല്‍പ്പാദനത്തിന്റെ 59 ശതമാനം കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.
പെട്രോളിയം ഖനനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് ഇരുപതാം സ്ഥാനത്താണ്. ഉപയോഗത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാമതുമാണ്.
പുതിയ തൊഴില്‍ സാധ്യതകള്‍
1970 കളില്‍ എണ്ണപ്പാടങ്ങള്‍ തേടിയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികള്‍ സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് നാടുകളില്‍ എത്തിയത്. പെട്രോളിയം ഖനനം ഒരു പ്രധാന തൊഴില്‍ മേഖലയായി വളര്‍ന്നതോടെ വിദഗ്്ദരും അവിദഗ്്ദരുമായ തൊഴിലാളികള്‍ക്ക് വമ്പന്‍ അവസരങ്ങളാണ് തുറക്കപ്പെട്ടത്. പ്രവാസികളുടെ പ്രധാന വരുമാന മാര്‍ഗമായി ഇത് മാറി. ഗള്‍ഫില്‍ നിന്ന് അവധിക്കെത്തുന്ന പ്രവാസി പണം വാരിയെറിഞ്ഞിരുന്ന പഴയ കാലത്ത്,അയാള്‍ അവിടെ മരുഭൂമിയില്‍ കുഴി കുഴിച്ച് എണ്ണയെടുത്ത് വിറ്റാണ് പണമുണ്ടാക്കുന്നതെന്ന തമാശ പോലും കേരളത്തിലുണ്ടായിരുന്നു.
കൂറ്റന്‍ റിഫൈനറികളിലെ ജോലികള്‍,ലോജിസ്റ്റിക്സ് രംഗത്ത് പുത്തന്‍ അവസരങ്ങള്‍,അനുബന്ധ കോണ്‍ട്രാക്ടിംഗ് ജോലികള്‍ തുടങ്ങി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇതുവഴി തുറന്നു വരാം. നിലവില്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷയും മെച്ചപ്പെടും. പെട്രോളിയം അനുബന്ധ മേഖലയില്‍ വിദേശ സംരംഭകര്‍ക്കും അവസരങ്ങള്‍ തുറക്കപ്പെടും.