സൗദി അറേബ്യക്ക് എട്ടു ലക്ഷം വീടുകള്‍ വേണം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാധ്യതകള്‍
പ്രതിവര്‍ഷം 1.15 ലക്ഷം വീടുകള്‍; നിര്‍മാണ സാമഗ്രികളുടെ ഉല്‍പാദനത്തിന് വ്യവസായ നഗരം
സൗദി അറേബ്യയില്‍ അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാനിരിക്കുന്നത് 8.25 ലക്ഷം വീടുകള്‍. സൗദി പൗരന്‍മാരില്‍ 70 ശതമാനം പേര്‍ക്ക് സ്വന്തമായി വീടുണ്ടാക്കാനാണ് സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ 63.7 ശതമാനം പേര്‍ക്കാണ് സ്വന്തമായി വീടുള്ളത്. വിഷന്‍ 2030 ന്റെ ലക്ഷ്യത്തിലെത്താന്‍ 8.25 ലക്ഷം വീടുകള്‍ നിര്‍മിക്കണമെന്നാണ് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിവര്‍ഷം 1.15 ലക്ഷം വീടുകള്‍ എന്ന നിലയില്‍ പുതിയ നിര്‍മാണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ വിവിധ വായ്പാ പദ്ധതികളും സബ്‌സിഡികളും പ്രഖ്യാപിച്ചിരിക്കുകയാണ്. നിര്‍മാണ മേഖലയിലെ ഈ മുന്നേറ്റം സൗദിയില്‍ വരും വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ സാധ്യതകളാണ് തുറക്കുന്നത്. എഞ്ചിനിയര്‍മാര്‍ മുതല്‍ നിര്‍മാണ തൊഴിലാളികള്‍ വരെയുള്ളവരുടെ തൊഴിലവസരങ്ങളും വര്‍ധിക്കും.
ദേശീയ പാര്‍പ്പിട പദ്ധതി
രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 പദ്ധതിയില്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ദേശീയ പാര്‍പ്പിട പദ്ധതിയാണ് നടപ്പാക്കുന്നത്. സൗദി കുടുംബങ്ങളില്‍ 35 ശതമാനം പേര്‍ വാടക ഫ്ലാറ്റുകളിൽ ആണ് കഴിയുന്നത്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വിവാഹിതകാകുന്നവരുടെ കൂടി എണ്ണം കണക്കാക്കിയാണ് ദേശീയ പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നത്. പൗരന്‍മാര്‍ക്കിടയില്‍ വീടുകളുടെ ഉടമസ്ഥാവകാശത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് സൗദി സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. രാജ്യത്തിന്റെ പെട്രോളിയം ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 8.5 ശതമാനമാണ് സൗദി അറേബ്യ പാര്‍പ്പിട നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.
വസ്തു വിലയില്‍ വന്‍ വര്‍ധന
ദേശീയ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് വസ്തു വിലയില്‍ വലിയ വര്‍ധനയുണ്ടായതായി നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാന നഗരമായ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റ് വിലയില്‍ 62 ശതമാനവും വില്ലകളുടെ വിലയില്‍ 37 ശതമാനവും വര്‍ധനയാണ് ഉണ്ടായത്. വിവിധ വിദേശ കമ്പനികളുമായി ചേര്‍ന്നുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതികള്‍ക്ക് സൗദി സര്‍ക്കാര്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഈജിപ്തിലെ തലാല്‍ മുസ്തഫ ഗ്രൂപ്പ് 27,000 വീടുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. നിര്‍മാണ സാമഗ്രികളുടെ ഉല്‍പാദനത്തിനായി റിയാദില്‍ വ്യവസായ നഗരം സ്ഥാപിക്കാന്‍ ചൈനയിലെ സിറ്റിക് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാറിലെത്തിയിട്ടുണ്ട്. നിര്‍മാണ മേഖലയിലെ ഈ മുന്നേറ്റം വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പുതിയ തൊഴിലവസരങ്ങളും ഈ മേഖലയില്‍ തുറക്കും.