ബൈജൂസിന് വീണ്ടും തിരിച്ചടി, പിന്‍വാതില്‍ ഒത്തുതീര്‍പ്പിന് തടയിട്ട് സുപ്രീംകോടതി; പാപ്പരത്തം അരികെ?

പാപ്പരത്ത നടപടികള്‍ വീണ്ടും തുടങ്ങാന്‍ സുപ്രീംകോടതി വിധി വഴിവയ്ക്കും, ബൈജൂസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമിത്‌

Update:2024-10-23 16:47 IST

Image Courtesy: x.com/JayShah/media, x.com/BYJUS

പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത നിയമനടപടികളിലൂടെ കടന്നുപോകുന്ന ബൈജു രവീന്ദ്രന്റെ കമ്പനിക്ക് സുപ്രീംകോടതിയില്‍ നിന്നുമാണ് ഇത്തവണ വന്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) നല്‍കിയ കേസില്‍ ഒത്തുതീര്‍പ്പിലെത്തിയ നടപടിക്ക് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ നല്‍കിയ സാധുതയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇതോടെ ബൈജൂസിനെതിരായ പാപ്പരത്ത നടപടി കേസിനു വീണ്ടും ജീവന്‍ വയ്ക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍സറായ വകയില്‍ 158 കോടി രൂപ ബൈജൂസ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനുണ്ടായിരുന്നു. ഈ തുക തിരിച്ചു പിടിക്കുന്നതിനായി ബി.സി.സി.ഐ കമ്പനി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പാപ്പരത്ത നടപടികള്‍ നടക്കുന്നതിനിടെ കേസ് ഒത്തുതീര്‍പ്പില്‍ അവസാനിപ്പിക്കാന്‍ ബി.സി.സി.ഐയും ബൈജൂസും ധാരണയിലെത്തിയിരുന്നു.
കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ പാപ്പരത്ത നടപടികള്‍ ഇതോടെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ തീരുമാനമാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. പാപ്പരത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള കമ്പനി ട്രൈബ്യൂണല്‍ വിധി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നത്. തെറ്റായ ഒത്തുതീര്‍പ്പിനാണ് അംഗീകാരം നല്‍കിയതെന്നും കോടതി കുറ്റപ്പെടുത്തി.

പണികൊടുത്തത് ഗ്ലാസ് ട്രസ്റ്റ്

ബി.സി.സി.ഐയും ബൈജൂസും തമ്മിലുള്ള ഒത്തുതീര്‍പ്പിനെതിരേ കോടതിയെ സമീപിച്ചത് യു.എസ് ആസ്ഥാനമായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ്. തങ്ങള്‍ക്ക് ഉള്‍പ്പെടെ മറ്റ് കടക്കാര്‍ക്ക് 15,000 കോടി രൂപയോളം കൊടുക്കാനുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള 158 കോടി രൂപ മാത്രം കൊടുത്തു തീര്‍ത്തതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ബി.സി.സി.ഐയ്ക്കു ലഭിച്ച 158 കോടി രൂപ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Tags:    

Similar News