ഗ്ലോബലായി, മ്യൂച്ചല്‍ ഫണ്ട്; വിദേശ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുമതി; വ്യവസ്ഥകള്‍ ഇങ്ങനെ
നിക്ഷേപിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ പരസ്യപ്പെടുത്തണം
ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ക്ക് വിദേശ രാജ്യങ്ങളിലെ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ നിബന്ധനകളോടെ സെബിയുടെ അനുമതി. മൊത്തം ആസ്തിയുടെ 25 ശതമാനത്തില്‍ കൂടാത്ത തുക വിദേശഫണ്ടുകളില്‍ നിക്ഷേപിക്കാമെന്നതാണ് പ്രധാന നിബന്ധന. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ മ്യൂച്ചല്‍ ഫണ്ടുകള്‍, യൂണിറ്റ് ട്രസ്റ്റുകള്‍ എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപിക്കാം. ഇത്തരം ഫണ്ടുകള്‍ പരിചയ സമ്പന്നരായ സ്വതന്ത്ര ഫണ്ട് മാനേജര്‍മാരാണ് കൈകാര്യം ചെയ്യേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.
മറ്റു നിബന്ധനകള്‍
ഏതെങ്കിലും ഒരു പോര്‍ട്ട്‌ഫോളിയോയില്‍ മാത്രമാണ് വിദേശ നിക്ഷേപം നടത്താനുള്ള അനുമതിയെന്ന് സെബി വ്യക്തമാക്കി. പ്രത്യേകം പോര്‍ട്ട്‌ഫോളിയോകളോ ഉപ ഫണ്ടുകളോ അനുവദിക്കില്ല. നിക്ഷേപത്തിന് അനുസരിച്ചുള്ള ലാഭ വിഹിതം മാത്രമാണ് എടുക്കാനാകുക. നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ ഏതെല്ലാമാണെന്ന് മൂന്നു മാസത്തിലൊരിക്കല്‍ പൊതുജനങ്ങളെ അല്ലെങ്കില്‍ നിക്ഷേപകരെ അറിയിക്കണം. ഇന്ത്യന്‍ ഫണ്ടുകളും വിദേശ ഫണ്ടുകളും തമ്മില്‍ അഡ്വൈസറി കരാറുകള്‍ പാടില്ലെന്നും സെബിയുടെ സര്‍ക്കുലറില്‍ നിബന്ധനയുണ്ട്.