ബോക്‌സ്ഓഫീസില്‍ കരുത്തുകാട്ടി ടൊവീനോയും ആസിഫലിയും; ആകെ വരുമാനം ₹1,066 കോടി, 12 ശതമാനം മലയാളത്തിന്റെ സംഭാവന
ആകെ വരുമാനത്തിന്റെ 12 ശതമാനമാണ് മലയാളത്തിന്റെ സമ്പാദ്യം, പട്ടികയില്‍ തെലുഗു സിനിമയ്ക്കാണ് മേധാവിത്തം
ഇന്ത്യന്‍ സിനിമ വ്യവസായത്തിന് സെപ്റ്റംബര്‍ സമ്മാനിച്ചത് റെക്കോഡ് കളക്ഷന്‍. രാജ്യവ്യാപകമായി 1,066 കോടി രൂപയാണ് തീയറ്ററുകളില്‍ നിന്ന് സിനിമകള്‍ വാരിക്കൂട്ടിയത്. മാസക്കണക്കില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ മികച്ച വരുമാനമാണ് സെപ്റ്റംബറില്‍ നേടാനായത്. അതേസമയം, ഓഗസ്റ്റിലെ 1,304 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വരുമാനം കുറവാണ് താനും.
ബോളിവുഡ് സിനിമയ്ക്കുണ്ടായിരുന്ന ആധിപത്യം ദുര്‍ബലമാകുന്നതിനാണ് സെപ്റ്റംബര്‍ സാക്ഷ്യംവഹിച്ചത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ തെലുഗു ചിത്രം ദേവാര പാര്‍ട്ട് 1 ആണ് മുന്നില്‍. തീയറ്ററില്‍ നിന്ന് 337 കോടി രൂപയാണ് ഈ ചിത്രത്തിന് സ്വന്തമാക്കാനായത്. കളക്ഷന്‍ റെക്കോഡില്‍ ആദ്യ പത്തില്‍ നാലും തെലുഗു ചിത്രങ്ങളാണ്.
കളക്ഷനില്‍ തകര്‍ത്ത് മലയാളവും
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ടൊവീനോ തോമസ് ചിത്രം എ.ആര്‍.എം. 76 കോടി രൂപയാണ് തീയറ്ററില്‍ നിന്ന് ഈ ചിത്രം വാരിയത്. ആസിഫ് അലി നായകനായെത്തിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമായ കിഷ്‌കിന്ധ കാണ്ഡം 49 കോടി രൂപ കളക്ഷനുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ദേശീയ തലത്തില്‍ ആകെ വരുമാനത്തിന്റെ 12 ശതമാനമാണ് മലയാളത്തിന്റെ സംഭാവന. മൊത്തം വരുമാനത്തില്‍ 21 ശതമാനമാണ് തെലുഗിന്റെ സംഭാവന. അതേസമയം, തമിഴ് ചിത്രങ്ങളുടെ വിഹിതം 15 ശതമാനമായി കുറയുകയും ചെയ്തു. ഹോളിവുഡ് ചിത്രങ്ങളുടെ വരുമാനം എട്ടു ശതമാനമാണ്.
2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തീയറ്റര്‍ കളക്ഷന്‍ 7,949 കോടി രൂപയാണ്. 2023നെ അപേക്ഷിച്ച് 9.5 ശതമാനം കുറവ്. പൊതുതിരഞ്ഞെടുപ്പും കടുത്ത വേനലുമാണ് ഇത്തവണ തീയറ്റര്‍ കളക്ഷന്‍ കുറയാനുള്ള കാരണങ്ങളിലൊന്ന്.