ജി.എസ്.ടിയുടെ ഏഴുവര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ ഇനി മാറുമോ?

ജി.എസ്.ടി ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിസിനസ് സമൂഹം

Update:2024-07-21 10:00 IST

Image : Canva

രാജ്യത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കപ്പെട്ടിട്ട് 2024 ജൂലൈ ഒന്നിന് ഏഴുവര്‍ഷം തികയുകയാണ്. ജി.എസ്.ടി നെറ്റ്വര്‍ക്കിലെ തുടര്‍ച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍, ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര പരിശീലനം ലഭിക്കാതിരുന്നത് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കാര്യങ്ങള്‍ പ്രാരംഭഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തില്‍ 2022 ഓഗസ്റ്റ് രണ്ടിന് ജി.എസ്.ടി റീസ്ട്രക്ചര്‍ നടപ്പാക്കാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും ഇപ്പോഴും പല കാര്യങ്ങളിലും അപൂര്‍ണമാണ്. എന്നിരുന്നാലും പഴയതിനേക്കാള്‍ ഭേദമാണ്.
കാലതാമസത്തിന് കാരണമില്ല
ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ജി.എസ്.ടി ട്രൈബ്യൂണല്‍ തുടങ്ങാന്‍ സാധിക്കാത്തതിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇച്ഛാശക്തിയില്ലായ്മ തന്നെയാണ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് കൊണ്ടാണ് ജിഎസ്ടി ട്രൈബ്യൂണല്‍ വൈകിയത് എന്ന് തടിതപ്പാന്‍ കേന്ദ്ര സര്‍ക്കാരിന് പറ്റില്ല. ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്.
വ്യാപാരികളും വ്യവസായികളും പ്രൊഫഷണലുകളും ഇന്നും കൃത്യതയില്ലാത്ത നിയമ വ്യാഖ്യാനങ്ങള്‍ മൂലം ബുദ്ധിമുട്ടിലാണ്. പുതിയ കേന്ദ്ര സര്‍ക്കാരിന്റെ മുന്നണി സമവാക്യത്തില്‍ വന്ന മാറ്റം ജി.എസ്.ടി കൗണ്‍സിലിലും പ്രതിഫലിച്ചേക്കാം. ജി.എസ്.ടി കൗണ്‍സിലില്‍ മാറ്റം വരുന്നത് ജി.എസ്.ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ കാരണമാകും.
ഏഴ് വര്‍ഷം കൊണ്ട് ആയിരത്തിലേറെ ഭേദഗതികളാണ് ജി.എസ്.ടിയിലുണ്ടായിരിക്കുന്നത്. 'ഒരു രാജ്യം ഒരു നികുതി' എന്ന മുദ്രാവാക്യത്തോടെ നടപ്പിലായ നികുതി സമ്പ്രദായത്തില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ജി.എസ്.ടിയുടെ പ്രഖ്യാപിതലക്ഷ്യത്തിലേക്കെത്താന്‍ ഈ വര്‍ഷമെങ്കിലും സാധിക്കട്ടേയെന്ന് പ്രത്യാശിക്കാം.
Tags:    

Similar News